ചെലവന്നൂര്‍ കായൽ ഭൂമി കയ്യേറ്റം; നടന്‍ ജയസൂര്യക്ക് സമന്‍സയച്ച് വിജിലന്‍സ് കോടതി

Published : Nov 18, 2022, 08:02 AM ISTUpdated : Nov 18, 2022, 08:14 AM IST
ചെലവന്നൂര്‍ കായൽ ഭൂമി കയ്യേറ്റം; നടന്‍ ജയസൂര്യക്ക് സമന്‍സയച്ച് വിജിലന്‍സ് കോടതി

Synopsis

ആറുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 13നാണ്  കൊച്ചി വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജയസൂര്യയെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

കൊച്ചി: കൊച്ചി ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന കേസില്‍  നടന്‍ ജയസൂര്യക്ക് സമന്‍സയച്ച് കോടതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് സമന്‍സ് അയച്ചത്. കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരടക്കമുള്ള നാലു പ്രതികളോടും  ഡിസംബര്‍ 29- ന്  നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം.  കായല്‍ തീരം കയ്യേറിയെന്ന പരാതി ശരിവെച്ചുകോണ്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു

ആറുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 13നാണ്  കൊച്ചി വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജയസൂര്യയെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. കായല്‍ഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിച്ചാണെന്ന് കണ്ടെത്തിക്കൊണ്ടായിരുന്നു കുറ്റപത്രം. കയ്യേറുന്നതിന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ കോര്‍പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്പക്ടറായിരുന്ന ആര്‍ രാമചന്ദ്രന്‍ നായര്‍, അസിസ്റ്റന്‍റ് എഞ്ചിനീയറായിരുന്ന ഗിരിജാ ദേവി, നടന്‍ ജയസൂര്യ,  ബോട്ടുജെട്ടിയും ചുറ്റുമതിലും  രൂപകല്‍പന ചെയ്ത എന്‍എം ജോസഫ് എന്നിവരെ പ്രതിചേര്‍ത്തു. ജയസൂര്യക്കൊപ്പം ഇവര്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.  അതേ സമയം കോര്‍പറേഷന്‍ മുന്‍ സെക്രട്ടറിയെയും സര്‍വെയറടക്കമുള്ള റവന്യു ഉദ്യോഗസ്ഥരെയും കേസില്‍  പ്രതിചേര്‍ക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ക്ക് പങ്കില്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.

കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്‍റെ പരാതിയില്‍ 2016 ഫെബ്രുവരിയിലാണ് ജയസൂര്യക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിടുന്നത്. കായല്‍ഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചത് സര്‍ക്കാ‍ർ സംവിധാനങ്ങള്‍ ദുരുപയോഗിച്ചാണെന്ന സംശയത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം നടന്നത്. 

Read More : അട്ടപ്പാടി മധു കേസ്; സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് ഫീസ് നൽകാതെ സര്‍ക്കാര്‍, ചെലവ് കാശും നൽകുന്നില്ല

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്