
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥികളായ തോമസ് ഐസക്കിനോടും ആന്റോ ആൻറണിയോടും സത്യവാങ്‌മൂലത്തിൽ ജില്ലാ കളക്ടര്‍ വ്യക്തത തേടി. വിവാഹിതനാണോ എന്ന കോളത്തിൽ നോട്ട് ആപ്ലിക്കബിൾ എന്നാണ് തോമസ് ഐസക് എഴുതിയത്. ഇതിനെ യുഡിഎഫ് ചോദ്യം ചെയ്തതോടെയാണ് വിശദീകരണം തേടിയത്. ആന്റോ ആന്റണിയുടെ ഭാര്യയുടെ സ്വത്ത് വിവരങ്ങളിലാണ് വ്യക്തത വരുത്താൻ ആവശ്യപ്പെട്ടത്. അതേസമയം ഇരുവരുടെയും പത്രികകൾ അംഗീകരിച്ചു.
അതിനിടെ കോട്ടയത്തെ അപരന്മാരുടെ പത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. അപരന്മാരുടെ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് യുഡിഎഫ് പരാതിപ്പെട്ടു. പത്രിക പൂർണമായും പൂരിപ്പിച്ചിട്ടില്ലെന്നും വാദിച്ചു. പത്രികയിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാൻ അപരന്മാർക്ക് നിർദ്ദേശം നൽകിയ ജില്ലാ കളക്ടർ, പത്രിക തള്ളുന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകുന്നേരം നാലുമണിയോടെയെടുക്കുമെന്ന് വ്യക്തമാക്കി.
ഫ്രാൻസിസ് ഇ ജോർജിനായി പത്രികയിൽ ഒപ്പിട്ടിരിക്കുന്നത് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ഒരു ബൂത്തിലെ പത്ത് വോട്ടർമാരാണെന്നും ഈ വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടിക നോക്കി പകർത്തിയതാണെന്നും ഒപ്പുകൾ വ്യാജമെന്നും യുഡിഎഫ് ആരോപിച്ചു. കൂവപ്പള്ളിക്കാരൻ ഫ്രാൻസിസ് ജോർജിൻ്റെ പത്രികയിലെ ഒപ്പുകളിലും യുഡിഎഫ് സംശയം ഉന്നയിച്ചു.
മലപ്പുറം ലോക്സഭ മണ്ഡലത്തിൽ സ്വതന്ത്രൻ ശ്രീധരൻ കള്ളടിക്കുന്നത്തിന്റെ പത്രിക തള്ളി. അഫിഡവിറ്റു സമർപ്പിക്കാത്തതിന് പുറമെ പണം കെട്ടി വെച്ചിരുന്നുമില്ല. മൂന്നു ഡെമ്മി സ്ഥാനാർഥികളുടെ പത്രികയും ഒഴിവാക്കി. പത്തു സ്ഥാനാർഥികളുടെ പത്രിക സ്വീകരിച്ചു.