Latest Videos

'ജനശ്രദ്ധ തിരിക്കാൻ എന്തെല്ലാം അഭ്യാസങ്ങൾ'; വ്യാജ ഒപ്പ് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ധനമന്ത്രി

By Web TeamFirst Published Sep 3, 2020, 5:39 PM IST
Highlights

''ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് അതിൽ അത്ഭുതപ്പെടാനുമില്ല. സെക്രട്ടേറിയറ്റിലെ പ്രവർത്തന രീതിയോ ഫയൽ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവർക്ക് അറിയില്ല.''

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് പുറത്തു പോയ സമയത്ത് അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ട് സെക്രട്ടേറിയറ്റിൽ നിന്നും ഫയൽ പാസാക്കിയെന്ന ആരോപണം തള്ളി ധനമന്ത്രി തോമസ് ഐസക്ക്. ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല, സെക്രട്ടേറിയറ്റിലെ പ്രവർത്തന രീതിയോ ഫയൽ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവർക്ക് അറിയില്ല.  സ്കാന്‍ ചെയ്ത് അയച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ട് തിരിച്ചയച്ചതാണെന്ന് ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് 

ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് അതിൽ അത്ഭുതപ്പെടാനുമില്ല. സെക്രട്ടേറിയറ്റിലെ പ്രവർത്തന രീതിയോ ഫയൽ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവർക്ക് അറിയില്ല. അതുകൊണ്ടാണല്ലോ 2018ൽ കെ സി ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാ വെടി, അതുപോലെ വെയ്ക്കാൻ തോക്കുമായി ഇറങ്ങിയത്.

ഞാനൊക്കെ ആലപ്പുഴയിലോ ഓഫീസിനു പുറത്തോ ഒക്കെ ആയിരിക്കുമ്പോഴും ഫയലുകൾ ഇങ്ങനെ തന്നെയാണ് ഒപ്പിട്ടു നൽകുന്നത്. ഇ ഫയലാണെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കും. പേപ്പർ ഫയലാണെങ്കിൽ, സ്കാൻ ചെയ്ത് അയയ്ക്കും, അത് പ്രിന്റൗട്ട് എടുത്ത് ഒപ്പു വെച്ച് സ്കാൻ ചെയ്ത് തിരിച്ചയയ്ക്കും. ഓഫീസിൽ അത് പ്രിന്റെടുത്ത് ഫയലിലിടും. അതാണ് കീഴു്വഴക്കം. ഇതൊക്കെ ഞങ്ങളെല്ലാം ചെയ്യുന്നതാണ്.

ഈ കേസിൽ മലയാളം മിഷന്റെ ഒരു ഫയലാണല്ലോ തെളിവായി ഹാജരാക്കിയിരിക്കുന്നത്. ഇത് ഫിസിക്കൽ ഫയലായിരുന്നു. സ്കാൻ ചെയ്ത് അയച്ചു, ഒപ്പിട്ടു തിരിച്ചു വന്നത് കോപ്പിയെടുത്ത് ഫയലിലിട്ടു. ഇതാണ് വസ്തുത. അതും വെച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അപരൻ എന്നൊക്കെ ആരോപിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്യാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ചർച്ച ചെയ്യാൻ പോകുന്നവരെ സമ്മതിക്കണം.
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ എന്തെല്ലാം അഭ്യാസങ്ങൾ.

ബിജെപി വക്താവ് സന്ദീപ് വാര്യറാണ് 2018 സെപ്തംബറിൽ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയ സമയത്ത് ഫയലിൽ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന് ആരോപിച്ചത്.  2018 സെപ്തംബർ 2 ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി. തിരിച്ചു വരുന്നത് സെപ്റ്റംബർ 23 -നാണ്. സെപ്തംബർ 3 ന് പൊതുഭരണ വകുപ്പിൽ നിന്ന് മലയാള ഭാഷയുമായി ബന്ധപ്പെട്ട ഒരു ഫയൽ വന്നു. സെപ്തംബർ 9 ന് മുഖ്യമന്ത്രി ആ ഫയലിൽ ഒപ്പു വച്ചതായി കാണുന്നു.13 നു ഫയൽ തിരിച്ചു പോയി. ഈ സമയത്ത് കേരള മുഖ്യമന്ത്രി അമേരിക്കയിലാണെന്നായിരുന്നു സന്ദീപിന്‍റെ ആരോപണം.

click me!