
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി വിവരിച്ച് യുഡിഎഫ് ഇറക്കിയ ധവള പത്രം രാഷ്ട്രീയ കളിയാണെന്ന് ആരോപിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സർക്കാരിന്‍റെ അവഗണനക്കെതിരെ പ്രതികരിക്കാതെ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷമെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധികാരണം സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടെന്ന പ്രതിപക്ഷ ആരോപണവും ധനമന്ത്രി തോമസ് ഐസക്ക് തള്ളിക്കളഞ്ഞു.
വികസന പദ്ധതികൾക്കായി 8000 കോടിയാണ് ഈ സർക്കാർ നൽകിയത്. കേന്ദ്ര സർക്കാർ 6500 കോടിയുടെ വായ്പ വെട്ടിക്കുറച്ചു. വരാൻ പോകുന്ന മാസം 5000 കോടിയുടെ കുറവ് വരും. ജിഎസ്ടി നഷ്ടപരിഹാര തുകയായ 25000 കോടി സംസ്ഥാനങ്ങൾക്ക് നൽകാൻ തയ്യാറാകുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
ഡിസംബറിൽ കേരളത്തിൽ ലഭിക്കേണ്ട 3000 കോടി നൽകിയിട്ടില്ല. കേന്ദ്ര നയങ്ങളെ വിമര്‍ശിക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി എന്തു രാഷ്ട്രീയമാണ് പ്രതിപക്ഷ നേതാവ് കളിക്കുന്നത് എന്ന് അറിയില്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പ്രതിപക്ഷം ആരോപിക്കും പോലെ ഒരു അധിക ചെലവും സംസ്ഥാനത്തില്ലെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധനമാനേജ്മെന്‍റിലെ വീഴ്ചയാണെന്നാണ് പ്രതിപക്ഷം ധവള പത്രത്തിൽ ആരോപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam