വിട പറഞ്ഞത് 'സമാധാനത്തിന്റെ പ്രവാചകൻ'; ​ഗുവാഹത്തി അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിൽ അന്തരിച്ചു

Published : Nov 25, 2026, 05:34 PM IST
thomas menamparambil

Synopsis

1936 ഒക്ടോബർ 22ന് കോട്ടയം പാലാ വാകക്കാട് ജനിച്ച തോമസ് മേനംപറമ്പിൽ 1955ൽ ഡോൺ ബോസ്കോ സഭാ അംഗമായി. 1965 ൽ പൗരോഹിത്യം സ്വീകരിച്ചതിന് പിന്നാലെ ഇന്ത്യയുടെ നോർത്ത് ഈസ്റ്റ് മേഖലയിലേക്ക് സേവനത്തിനായി നിയോഗിക്കപ്പെട്ടു.1981 ൽ ദിബ്രുഗഡ് രൂപതയുടെ ബിഷപ്പായി.

ഗുവാഹത്തി: ഗുവാഹത്തി അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ് എമിരിറ്റസ് തോമസ് മേനംപറമ്പിൽ അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയിൽ ഇന്ന് രാവിലെ 5.40-നായിരുന്നു അന്ത്യം. രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയുടെ ഉന്നമനത്തിനും സമാധാനത്തിനും ഏറെ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് വിട പറയുന്നത്.

1936 ഒക്ടോബർ 22ന് കോട്ടയം പാലാ വാകക്കാട് ജനിച്ച തോമസ് മേനംപറമ്പിൽ 1955ൽ ഡോൺ ബോസ്കോ സഭാ അംഗമായി. 1965 ൽ പൗരോഹിത്യം സ്വീകരിച്ചതിന് പിന്നാലെ ഇന്ത്യയുടെ നോർത്ത് ഈസ്റ്റ് മേഖലയിലേക്ക് സേവനത്തിനായി നിയോഗിക്കപ്പെട്ടു.1981 ൽ ദിബ്രുഗഡ് രൂപതയുടെ ബിഷപ്പായി. പിന്നീട് ഗുവാഹത്തി രൂപത രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യ ബിഷപ്പായി. ഗുവാഹത്തി രൂപതയെ അതിരൂപതയായി ഉയർത്തിയപ്പോൾ അതിന്റെ പ്രഥമ ആർച്ച് ബിഷപ്പായി. ജോവാവ് രൂപതയുടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായും ആർച്ച് ബിഷപ്പ് തോമസ് മേനംപറമ്പിൽ സേവനം അനുഷ്ഠിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിലെ ഡോൺ ബോസ്‌കോ സഭയുടെ വൈസ് പ്രൊവിൻഷ്യലായും പ്രവർത്തിച്ചു.

1996ൽ കൊക്രജാർ മേഖലയിലുണ്ടായ 500 പേർക്ക് ജീവൻ നഷ്ടമാകുകയും രണ്ടരലക്ഷത്തോളം പേർ പലായനം ചെയ്യുകയും ചെയ്ത വംശീയ സംഘർഷത്തിൽ മറ്റ് ക്രിസ്ത്യൻ സഭകളെയും കൂട്ടിച്ചേർത്ത് പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ നടത്തിയ സമാധാന ശ്രമങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1999ലെ മണിപ്പൂർ സംഘർഷത്തിലും സമാനമായ ഇടപെടൽ നടത്തി. അന്ന് അദ്ദേഹം സ്ഥാപിച്ച സമാധാന കരാർ ഇതുവരെ ലംഘിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 2003ൽ വടക്ക് കിഴക്കൻ ഇന്ത്യയിലെ ക്രിസ്ത്യൻ എല്ലാ സഭകളെയും ചേർത്ത് ജോയിന്റ് പീസ് ടീം രൂപീകരിക്കുന്നതിലും മുൻകൈയ്യെടുത്തു.

അദ്ദേഹത്തിന്റെ സമാധാന പ്രവർത്തനങ്ങളെ മുൻനിർത്തി 1998 മാഷിയോ പുരസ്കാരം നൽകി ആദരിച്ചു. നേരത്തേ മദർ തെരേസയ്ക്കും ബാബാം ആംതെയ്ക്കും ലഭിച്ച പുരസ്കാരം ആണിത്. സമാധാനത്തിന്റെ പ്രവാചകനെന്നാണ് ബിഷപ്പ് തോമസ് മേനംപറമ്പിൽ അറിയപ്പെട്ടിരുന്നത്. 1998ൽ റോമിൽ നടന്ന ഏഷ്യൻ സിനഡിന്റെ സെക്രട്ടറിയായിരുന്നു. വിവിധ വിഷങ്ങളെ അധീകരിച്ച് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. 2021ൽ 75ാം വയസിൽ അദ്ദേഹം ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിഞ്ഞു. രാജ്യത്ത് തന്നെ ഏറെ ആദരിക്കപ്പെടുകയും പൊതുസമ്മതനായിരിക്കുകയും ചെയ്തയാളാണ് വിട പറഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും
ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല