
തിരുവനന്തപുരം : ബലാത്സംഗക്കേസ് പ്രതി സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിൽ എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ സംഘം ലുക് ഔട്ട് നോട്ടീസ് നൽകി. സിദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, ക്രൈം ബ്രാഞ്ച് എസ് പി എന്നിവരെ ബന്ധപ്പെടണമെന്നാണ് നോട്ടീസിലുളളത്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കാനാണ് നോട്ടീസ്.
അതേ സമയം, സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. 8 വർഷത്തിന് ശേഷം യുവതി ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്നെന്നാണ് ബലാത്സംഗക്കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലുളളത്. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസിനീയമാണെന്നും 2019 സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗമെന്ന് പറഞ്ഞിരുന്നില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു.
സമൂഹത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന വ്യക്തയാണ് താൻ , മറ്റു ക്രമിനൽ കേസുകൾ ഇല്ല. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല, അന്വേഷണവുമായി കോടതി നിർദ്ദേശിക്കുന്ന തരത്തിൽ സഹകരിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. മുൻകൂർ ജാമ്യം വെള്ളിയാഴ്ച്ച എങ്കിലും ബെഞ്ചിന് മുന്നിൽ എത്തിക്കാനാണ് സിദ്ദിഖിന്റെ ശ്രമം. എന്നാൽ അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് ബലാത്സംഗക്കേസിൽ കോടതി ജാമ്യം നൽകാറുളളൂ. അതിജീവിതയും സംസ്ഥാന സർക്കാരും സിദ്ദിഖിന്റെ ഹർജിക്കെതിരെ തടസ്സഹർജി സമർപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam