
ആലപ്പുഴ: കുട്ടനാടിനെ പ്രളയത്തിൽ നിന്ന് രക്ഷിക്കാൻ നിർമ്മിച്ച തോട്ടപ്പള്ളി സ്പിൽവേ പതിറ്റാണ്ടുകൾക്കിപ്പുറവും ലക്ഷ്യം കാണാത്തൊരു പദ്ധതിയായി അവശേഷിക്കുന്നു. പ്രളയരക്ഷാ നടപടികളുടെ പേരിൽ സ്പിൽവേ, പൊഴിമുഖത്ത് നിന്ന് ടൺ കണക്കിന് കരിമണലാണ് സർക്കാർ കൊണ്ടുപോകുന്നത്. എന്നാൽ കുട്ടനാട്ടിലെ അധികജലം തോട്ടപ്പള്ളിയിലേക്ക് ഒഴുകിയെത്തേണ്ട കനാലുകളിലും, തോടുകളിലും, മണ്ണും ചെളിയും അടിഞ്ഞു കിടക്കുകയാണ്.
പെരുമഴയിൽ കിഴക്കൻ വെള്ളം കുത്തിച്ചെത്തുമ്പോൾ കുട്ടനാട് മുങ്ങും. അതൊഴിവാക്കണമെങ്കിൽ കനാലുകളിലൂടെയും നദികളിലൂടെയും അധികജലം കടലിലേക്ക് ഒഴുകിമാറണം. ഇങ്ങനെ വെള്ളം ഒഴുകിമാറേണ്ട ഒരു പ്രധാന ജലമാർഗമാണ് എ സി കനാൽ. എന്നാൽ ചെളിയും പായലും മൂടി കനാലിന്‍റെ ഒഴുക്ക് നിലച്ചുപോയി. കയ്യേറ്റങ്ങൾ ചിലയിടങ്ങളിൽ കനാലിനെ വിഴുങ്ങി. ഒന്നാം കുട്ടനാട് പാക്കേജിൽ പറഞ്ഞതാണ് എ സി കനാലിന്‍റെ വീണ്ടെടുപ്പ് പക്ഷെ ഒന്നും നടന്നില്ല. കുട്ടനാട്ടിലെ ചെറുതോടുകളുടെ അവസ്ഥയും ഇതുതന്നെ.
ഇനി തടസ്സമെല്ലാം നീങ്ങി പ്രളയജലം തോട്ടപ്പള്ളി സ്പിൽവേയിലേക്ക് എത്തണമെന്ന് കരുതുക. അതിനുള്ള വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള ലീഡിംഗ് ചാനലും സ്പിൽവേ കനാലും. എന്നാൽ ഇവയിലും എക്കലും മണ്ണും അടിഞ്ഞുകിടപ്പാണ്.
സ്പിൽവേയുടെ സ്ഥിതിയും അത്ര ശുഭകരമല്ല. 40 ഷട്ടറുകളിൽ മിക്കവയും പണിമുടക്കാണ്. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഷട്ടറുകളെല്ലാം ഉയർത്തുക ശ്രമകരമാണ്. ജലം ഒഴുകിയെത്തേണ്ട വഴികളിലെല്ലാം തടസ്സമുണ്ടെന്ന് സർക്കാർ സംവിധാനങ്ങൾക്കും അറിയാം പക്ഷെ പ്രളയരക്ഷയുടെ പൊഴിമുഖത്ത് നിന്ന് കരിമണൽ നീക്കുന്നതിനാണ് ആദ്യ പരിഗണന.
സർക്കാർ കണക്കിൽ 27 കോടിയുടെ കരിമണലാണ് കഴിഞ്ഞ വർഷം പൊതുമേഖലാ സ്ഥാപനങ്ങളായ കെഎംഎംഎല്ലും ഐആർഇയും കൊണ്ടുപോയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam