
കോട്ടയം: കോട്ടയം ഉഴവൂരിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പാലാ വള്ളിച്ചിറ സ്വദേശി അനന്തു തങ്കച്ചൻ, വള്ളിച്ചിറ സ്വദേശി ആദർശ് സുരേന്ദ്രൻ, വലവൂർ സ്വദേശി അനന്തു എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ഉഴവൂരിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം ഉണ്ടായത്. ഇതിൽ ഒരു ചേരിയിലെ വിദ്യാർഥികൾക്കായി എത്തിയ അനന്തുവും സംഘവും പൊലീസിനെ ആക്രമിക്കുകയായിരുന്നു.
ഇന്നലെയാണ് കോട്ടയം ഉഴവൂരിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ സംഘർഷമുണ്ടായത്. ഉഴവൂർ ഒ എൽ എൽ ഹയർ സെക്കൻ്ററി സ്കൂളിലാണ് വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. പത്താം ക്ലാസിലെ പ്ലസ് വണ്ണിലെയും കുട്ടികൾ തമ്മിലാണ് സ്കൂൾ വിട്ട സമയത്ത് വാക്ക് തർക്കമുണ്ടായത്. തടയാനെത്തിയ പൊലീസ് സംഘത്തിലെ എസ് ഐക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. വഴക്ക് മൂത്തതോടെ ഒരു വിഭാഗം വിദ്യാർത്ഥികൾ പാലായിൽ നിന്ന് ആക്രമി സംഘത്തെ വിളിച്ചു വരുത്തുകയായിരുന്നു. ഈ അക്രമി സംഘം സ്കൂളിലെത്തി വിദ്യാർത്ഥികളെ മർദ്ദിച്ചു. പിന്നാലെ അടികിട്ടിയ വിദ്യാർത്ഥികൾ സമീപത്തെ ഓട്ടോ ഡ്രൈവർമാരുടെയും നാട്ടുകാരുടെയും സഹായം തേടി. ഇതോടെ നാട്ടുകാരെല്ലാം ചേർന്ന് കൂട്ടത്തല്ലായി. ഈ സമയത്താണ് പൊലീസ് സംഘം സംഘർഷ വിവരമറിഞ്ഞെത്തിയത്.
അക്രമി സംഘം സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരെയും നാട്ടുകാരെയും മർദ്ദിച്ചു. സംഘർഷം തടയാൻ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിലെ എസ് ഐയെയും അക്രമികൾ അടിച്ചു നിലത്തിട്ടു. പരിക്കേറ്റ എസ് ഐ കെ.വി സന്തോഷ് ഉൾപ്പെടെ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam