കൊവിഡ് വ്യാപനം: പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സ്ഥിതി ഗുരുതരം

By Web TeamFirst Published May 31, 2020, 7:11 PM IST
Highlights

കൊവിഡ് വൈറസ് വ്യാപനത്തിൻ്റെ മൂന്നാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പാലക്കാട്, കാസർകോട്, കണ്ണൂർ, ജില്ലകളിലാണ്.


കണ്ണൂർ: കൊവിഡ് വൈറസ് വ്യാപനത്തിൻ്റെ മൂന്നാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പാലക്കാട്, കാസർകോട്, കണ്ണൂർ, ജില്ലകളിലാണ്. പാലക്കാട് ജില്ലയിൽ 138 പേരും കണ്ണൂരിൽ 114 പേരും കാസർകോട് 76 പേരും നിലവിൽ ചികിത്സയിലാണ്. ഏഴ് പേർ മാത്രം ചികിത്സയിലുള്ള ഇടുക്കി ജില്ലയിൽ മാത്രമാണ് വലിയ തോതിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത്. 

ഇന്ന് പാലക്കാട് ജില്ലയിൽ നിന്നുള്ള 12 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 4 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേർക്ക് വീതമാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായത്. സംസ്ഥാനത്താകെ 670 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്. 590 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

മൂന്നാം ഘട്ടത്തിൽ മാത്രം കാസർകോട് കോവിഡ് ബാധിച്ചത് 98 പേർക്കാണ്. കൊവിഡ് വൈറസ് വ്യാപനത്തിൻ്റെ രണ്ടാം ഘട്ടത്തിൽ നൂറിലേറെ കൊവിഡ് രോഗികൾ കാസർകോട് ഉണ്ടായിരുന്നു. എന്നാൽ ഒരാളെ പോലും മരണത്തിന് വിട്ടുകൊടുക്കാതെ മുഴുവൻ പേരേയും ശ്രുശൂഷിച്ച് ഭേദമാക്കാൻ ജില്ലയിലെ ആരോഗ്യസംവിധാനത്തിന് സാധിച്ചു. അവസാനത്തെ രോഗിയും രോഗമുക്തി നേടി ആശുപത്രി വിട്ടതിന് അടുത്ത ദിവസമാണ്. അതിർത്തി കടന്ന് കേരളത്തിലേക്ക് ആളുകളെത്തി തുടങ്ങിയതും രോഗവ്യാപനം അടുത്ത ഘട്ടത്തിലേക്ക് കടന്നതും. 

ഇതുവരെ ആകെ 276 കാസർകോട് സ്വദേശികൾക്കാണ് കൊവിഡ് ബാധയുണ്ടായത്. ഇന്ന് ഒരാൾ ജില്ലയിൽ രോഗമുക്തി നേടിയിട്ടുണ്ട്. ദുബൈയിൽ നിന്ന്  വന്ന മേയ് 20ന് രോഗം സ്ഥിരീകരിച്ച 15 വയസ്സുള്ള തൃക്കരിപ്പൂർ സ്വദേശിയ്ക്കാണ് ഇന്ന് രോഗം ഭേദമായത്. മംഗൽപാടി പഞ്ചായത്ത് സ്വദേശികളായ നാലു പേർ മധൂർ, പൈവളിഗെ പഞ്ചായത്ത് സ്വദേശികളായ രണ്ടു പേർ വീതം കാസർകോട് നഗരസഭ മൊഗ്രാൽപുത്തൂർ സ്വദേശികളായ ഓരോരുത്തർ എന്നിവർക്കാണ്  ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

പാലക്കാട് ജില്ലയിൽ ഇന്ന് മാത്രം  12 പേർക്കാണ് കോവിഡ് 19  സ്ഥിരീകരിച്ചത്. ഡി.എം.ഒ അറിയിച്ചു . ഇതോടെ  ജില്ലയിൽ കോവിഡ്‌  സ്ഥിരീകരിച്ച് 138 പേരാണ് ചികിത്സയിൽ ഉള്ളത്. മഹാരാഷ്ട്രയിൽ നിന്നും വന്ന മൂന്ന് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആനക്കര കുമ്പിടി സ്വദേശി (50 വയസുള്ള പുരുഷൻ), മുംബൈയിൽ നിന്നും 
മെയ് 19, 21 തീയതികളിലായി വന്ന ശാസ്താപുരം സ്വദേശി (48 വയസുള്ള പുരുഷൻ), തിരുമിറ്റക്കോട് സ്വദേശി ( 54 വയസുള്ള പുരുഷൻ) .

തമിഴ്നാട്ടിൽ നിന്നും വന്ന നാല് പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കാഞ്ചീപുരത്ത് നിന്നും വന്ന രണ്ട് പേർ. എടയാർ സ്ട്രീറ്റ് സ്വദേശിയായ 39 വയസുള്ള പുരുഷൻ, വരോട്  സ്വദേശിനിയായ 45 വയസുള്ള സ്ത്രീ. ചെന്നൈയിൽ നിന്നും വന്ന രണ്ട് പേർ. മെയ് 21ന്  വന്ന മണ്ണൂർ സ്വദേശിയായ 50 വയസുള്ള പുരുഷനും, തിരുനെല്ലായി സ്വദേശിനിയായ 26-കാരിയും. 

ബെംഗളൂരുവിൽ നിന്നും വന്ന 34-കാരനായ കോട്ടായി സ്വദേശി, മസ്കറ്റിൽ നിന്നും തിരിച്ചെത്തിയ തിരുവേഗപ്പുറ സ്വദേശിയായ 34-കാരൻ. പഴനിയിൽ ദർശനം നടത്തി ഇരുപത് ദിവസം കഴിഞ്ഞ് മെയ്  23-ന് തിരിച്ചു വന്ന ചന്ദ്രനഗർ പിരിവുശാല സ്വദേശിയായ 38-കാരൻ.  വാളയാറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചറും മരുതക്കോട് സ്വദേശിയുമായി  58-കാരൻ എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പൊൽപ്പുള്ളി സ്വദേശിയായ 63കാരിക്കാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായത്. ഇവരുടെ മകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

കണ്ണൂരിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേരിൽ നാല് പേർ ഗൾഫിൽ  നിന്നെത്തിയവരും മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. കണ്ണൂർ വിമാനത്താവളം വഴി ഒമാനിൽ നിന്നുള്ള ഐഎക്‌സ് 714 വിമാനത്തിൽ 20ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശിനിയായ 19കാരി, മെയ് 22ന് ഇതേനമ്പർ വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 38കാരൻ, മെയ് 27ന് ദുബൈയിൽ നിന്നുള്ള ഐഎക്‌സ് 1746 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 18കാരൻ, കരിപ്പൂർ വിമാനത്താവളം വഴി മെയ് 23ന് ദുബൈയിൽ നിന്നുള്ള ഐഎക്‌സ് 344 വിമാനത്തിലെത്തിയ കടമ്പൂർ സ്വദേശി 44കാരൻ എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ.

രാജധാനി എക്‌സ്പ്രസ് വഴി മെയ് 22ന് ഡൽഹിയിൽ നിന്നെത്തിയ മുഴക്കുന്ന് സ്വദേശി 25കാരൻ (ഇപ്പോൾ കോട്ടയം മലബാറിൽ താമസം), 28ന് മുംബൈയിൽ നിന്നെത്തിയ ആലക്കോട് സ്വദേശി 58കാരൻ, മെയ് 17ന് അഹമ്മദാബാദിൽ നിന്ന് വാഹനത്തിലെത്തിയ കോട്ടയം മലബാർ സ്വദേശി 23കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവർ. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 229 ആയി. ഇതിൽ 126 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

നിലവിൽ ജില്ലയിൽ 9459 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 64 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിൽസാ കേന്ദ്രത്തിൽ 89 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 30 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 19 പേരും വീടുകളിൽ 9257 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 

click me!