
കോട്ടയം: കൈവിരൽ ഇഡ്ഡലി തട്ടിൽ കുടുങ്ങിയ മൂന്ന് വയസുകാരിയ്ക്ക് രക്ഷകരായി മാറി ഫയർഫോഴ്സ് സംഘം. കാഞ്ഞിരപ്പള്ളി കപ്പാട് മൂന്നാം മൈലിൽ താമസിക്കുന്ന പീടികയ്ക്കൽ ഇജാസിൻ്റെ മകൾ ജാസിയ മറിയത്തിൻ്റെ കൈവിരലാണ് ഇഡലി തട്ടിൽ കുടുങ്ങിയത്. ഇഡ്ഡലി തട്ട് ഫയർഫോഴ്സ് ജീവനക്കാർ ശ്രദ്ധാപൂർവ്വം മുറിച്ച് മാറ്റി. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം.
നേരത്തെ കളിക്കുന്നതിനിടെ പാർക്കിലെ കമ്പിയുടെ ദ്വാരത്തിൽ കൈവിരൽ കുടുങ്ങിയ ആറ് വയസ്സുകാരനെയും ഒരു പോറൽ പോലുമേൽക്കാതെ ഫയർ ഫോഴ്സ് രക്ഷിച്ചിരുന്നു. കൽപ്പറ്റ ബി എസ് എൻ എൽ കോർട്ടേഴ്സിലെ കുട്ടികളുടെ പാർക്കിൽ കളിക്കുന്നതിനിടെയാണ് ഇരിപ്പിടത്തിലെ കമ്പിയുടെ ദ്വാരത്തിൽ കുട്ടിയുടെ കൈവിരൽ കുടുങ്ങിയത്. വിരൽ പുറത്തെടുക്കാൻ കഴിയാതെ കുട്ടി നിലവിളിക്കാൻ തുടങ്ങിയതോടെ കൽപ്പറ്റ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി കമ്പി അറുത്തു മാറ്റി. പരിക്കില്ലാതെ തന്നെ കുട്ടിയെ രക്ഷപ്പെടുത്തി. 101 ഡയൽ ചെയ്യുമ്പോൾ തനിക്ക് ഉണ്ടായിരുന്ന വിശ്വാസം അതുപോലെ കാത്തതിന് കൽപ്പറ്റ ഫയർഫോഴ്സിന് നന്ദി എന്നാണ് കുട്ടിയുടെ അമ്മ ജിഷ എസ് രാജ് സമൂഹ മാധ്യമത്തിൽ കുറിച്ചത്.
"എന്‍റെ വിരൽ കിട്ടുന്നില്ല അമ്മേ, എനിക്ക് വേദനിക്കുന്നു എന്ന് എന്റെ കുഞ്ഞ് പറഞ്ഞപ്പോഴും അവനോടും പറഞ്ഞത് ഫയർ ഫോഴ്സ് വരും എന്റെ കുഞ്ഞിന്റെ വിരൽ ഒന്നും പറ്റാതെ എടുത്ത് തരും എന്നായിരുന്നു. ഒരു പോറൽ പോലും ഏൽക്കാതെ എന്‍റെ കുഞ്ഞിന്റെ വിരൽ എടുത്തു തന്ന കൽപ്പറ്റ ഫയർ ഫോഴ്സ് ടീമിനോട് ഒരു നന്ദി വാക്കുപോലും പറയാൻ പറ്റിയിരുന്നില്ല. നന്ദി 101 ഡയൽ ചെയ്യുമ്പോൾ എനിക്ക് ഉണ്ടായിരുന്ന വിശ്വാസം അതുപോലെ കാത്തതിന്. നന്ദി നേരിട്ട് പറയാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ അപ്പോൾ. ഈ പോസ്റ്റ് നിങ്ങൾ ആരെങ്കിലും കാണുമോ എന്നും എനിക്കറിയില്ല. നന്ദി"- എന്നാണ് കുട്ടിയുടെ അമ്മ കുറിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam