കുട്ടി ടെറസില്‍ നിന്നും വീണതാണെന്ന് മാതാപിതാക്കള്‍. ശരീരത്തില്‍ പൊള്ളിച്ചതിന്‍റേയും മുറിവേറ്റതിന്‍റേയും നിരവധി പാടുകള്‍. കുഞിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള കഠിനപരിശ്രമത്തിലെന്ന് ഡോക്ടര്‍മാര്‍. മാതാപിതാക്കള്‍ പൊലീസ് നിരീക്ഷണത്തില്‍.
ആലുവ: തൊടുപുഴയിലെ ഏഴ് വയസുകാരന്‍ ക്രൂരപീഡനത്തിനൊടുവില്‍ കൊല്ലപ്പെട്ട സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുന്‍പേ സമാനമായ സംഭവം വീണ്ടും കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതര പരിക്കുകളോടെ മൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എറണാകുളത്ത് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവില്‍ വെന്‍റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വീടിന്‍റെ ടെറസില്‍ നിന്നും വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്‍റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തി.
കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകുന്നില്ലെന്ന് ആശുപത്രി അധികൃതർ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ നില അതീവ ഗുരുതരമായിട്ടും വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കൾ നിർബന്ധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചു.
മാതാപിതാക്കള്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ് എന്നാണ് വിവരം. ഏലൂര്‍ സിഐ അല്‍പസമയത്തിനകം ആശുപത്രിയില്‍ എത്തി കുട്ടിയുടെ മാതാപിതാക്കളെ കാണും. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam