
കാസർകോട്: കാസര്‍കോട് മൂന്ന് വയസുകാരന്‍ പനി ബാധിച്ച് മരിച്ചു. പടന്നക്കാട് താമസിക്കുന്ന തൃശൂര്‍ സ്വദേശി ബലേഷിന്‍റേയും അശ്വതിയുടേയും മകന്‍ ശ്രീബാലുവാണ് മരിച്ചത്. പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്നലെ രാത്രി രോഗം മൂര്‍ഛിച്ചതോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം. സാമ്പിളുകള്‍ വിദഗ്ധ പരിശോധയ്ക്ക് അയക്കാനാണ് അധികൃതരുടെ തീരുമാനം. മരണത്തിന് കാരണമായ രോഗം കൃത്യമായി കണ്ടെത്തുന്നതിനാണിത്. മരിച്ച ശ്രീബാലുവിന് ശിവ ബാലു എന്ന ഇരട്ട സഹോദരനുണ്ട്.
ഇന്നലെയാണ് ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച് 15കാരൻ മരിച്ചത്. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അഞ്ചു വർഷത്തിന് ശേഷമാണ് ആലപ്പുഴയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത്. വെള്ളത്തിൽ ജീവിക്കുന്ന അമീബ രോഗാണുവാണ് രോഗം പരത്തുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.
ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച 15കാരൻ മരിച്ചു, ജാഗ്രത വേണം
'അപൂർവമായി കാണപ്പെടുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. മറ്റുള്ളവരിലേക്ക് പകരുന്ന ഒരു രോഗമല്ല. ഇത് വരെ വളരെ കുറച്ച് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ, ഈ രോഗം തലച്ചോറിലേക്ക് ബാധിച്ച് കഴിഞ്ഞാൽ മരിച്ച് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൊണ്ട് തന്നെ ചില മുൻകരുതലുകൾ ആവശ്യമാണ്. വളരെ ചെറിയൊരു അമീബയാണ് ഇത്. തലച്ചോറിലേക്ക് രോഗം ബാധിച്ച് കഴിഞ്ഞാൽ മരിക്കാനുള്ള സാധ്യത കൂടുതലാണ്. വേനൽക്കാലത്താണ് ഈ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മലിനമായ വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക. മറ്റൊന്ന് തിളപ്പിച്ച വെള്ളം കുടിക്കാൻ ശ്രമിക്കുക' ഐഎംഎ പ്രസിഡന്റ് ഡോ. സുൽഫി നൂഹു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam