തൃക്കാക്കര തോൽവി: ചർച്ച ചെയ്യാനൊരുങ്ങി സിപിഎം; സംസ്ഥാന നേതൃയോഗത്തിന് തീയതി തീരുമാനിച്ചു

Published : Jun 12, 2022, 10:02 PM ISTUpdated : Jun 12, 2022, 10:05 PM IST
തൃക്കാക്കര തോൽവി: ചർച്ച ചെയ്യാനൊരുങ്ങി സിപിഎം; സംസ്ഥാന നേതൃയോഗത്തിന് തീയതി തീരുമാനിച്ചു

Synopsis

ജൂൺ 24,25,26 തീയതികളിൽ സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും യോഗം ചേരാനാണ് തീരുമാനം. തൃക്കാക്കര തോൽവിയും സ്വർണ്ണക്കടത്ത് വിവാദങ്ങളും യോഗത്തില്‍ ചർച്ച ചെയ്യും.

തിരുവനന്തപുരം: തൃക്കാക്കര  ഉപതെരഞ്ഞെടുപ്പിലെ (Thrikkakara By Election) എല്‍ഡിഎഫ് തോല്‍വി ചർച്ച ചെയ്യാനൊരുങ്ങി സിപിഎം സംസ്ഥാന നേതൃയോഗം. സിപിഎം സംസ്ഥാന നേതൃയോഗങ്ങളുടെ തീയതി തീരുമാനിച്ചു. ജൂൺ 24,25,26 തീയതികളിൽ സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും യോഗം ചേരാനാണ് തീരുമാനം. തൃക്കാക്കര തോൽവിയും സ്വർണ്ണക്കടത്ത് വിവാദങ്ങളും യോഗത്തില്‍ ചർച്ച ചെയ്യും.

കാടിളക്കിയുള്ള പ്രചാരണം, മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം വൻ സംഘം പ്രചാരണ ദിവസങ്ങളിലുടനീളം തൃക്കാക്കരയിൽ തമ്പടിച്ചിട്ടും ഫലം വന്നപ്പോൾ പ്രതീക്ഷകളെല്ലാം തെറ്റി. കനത്ത തോൽവിയുടെ കാരണം സമഗ്രമായി പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനം. സഹതാപ തരംഗത്തോടൊപ്പം ഇടത് വിരുദ്ധ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി കേന്ദ്രീകരിച്ചത് ഉമയുടെ ഭൂരിപക്ഷം കൂട്ടിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനിടെ പ്രതിപക്ഷം മുതൽ മുന്നണി ഘടകക്ഷി നേതാക്കൾ വരെ ഒളിഞ്ഞും തെളിഞ്ഞും സിൽവര്‍ ലൈൻ വരെ ചര്‍ച്ചയാക്കി. 

മണ്ഡലത്തിൽ മെച്ചപ്പെട്ട വോട്ട് പ്രതീക്ഷിച്ചിരുന്നെന്ന് എല്ലാവരും ഓരേ സ്വരത്തിൽ പറയുമ്പോഴും പ്രചാരണത്തിന് ചുക്കാൻ പിടിച്ച മുഖ്യമന്ത്രിക്ക് ഈക്കാര്യത്തിൽ മൗനമാണ്. സീറ്റ് 100 തികയ്ക്കുന്നതിന് അപ്പുറത്ത് യുഡിഎഫ് മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷിച്ചാണ് സിപിഎം തൃക്കാക്കരയിൽ ഇറങ്ങിയത്. ക്യാപ്റ്റനിറങ്ങിയാൽ കളം മാറുമെന്ന പ്രചാരണം ഫലം ചെയ്തില്ലേ? സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തിരിച്ചിടയായോ? താഴെ തട്ടുമുതൽ പഴുതടച്ചെന്ന് കരുതി തയ്യാറാക്കിയ പ്രചാരണ രീതികൾ പാളിപ്പോയോ? എല്ലാറ്റിനും മേലെ സര്‍ക്കാരിന്റെ വികസന നയ സമീപനത്തിൽ മാറ്റം വരുത്തണോ? വരും ദിവസങ്ങളിൽ പരിശോധനകൾക്കും വിശകലനങ്ങൾക്കും സിപിഎമ്മിന് മുന്നിൽ വിഷയം ഒരുപാടുണ്ട്.

ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന് ശേഷം തൃക്കാക്കരയിൽ ഉമ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധനയുണ്ടായി. ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയിൽ  ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്