
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പരാജയ ഭീതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി രാജീവും എം സ്വരാജും. തെരഞ്ഞെടുപ്പിനെ തെറ്റായ രീതിയിലാണ് യുഡിഎഫ് കൈകാര്യം ചെയ്യുന്നത്. അശ്ലീല വീഡിയോ കോൺഗ്രസ് നേതാക്കളുടെ ചിത്രമുള്ള പ്രൊഫൈലിൽ നിന്ന് ഷെയർ ചെയ്യുകയാണെന്നും ഇരുവരും കുറ്റപ്പെടുത്തി.
ഒരു പാർട്ടിയും കാണിക്കാത്ത നടപടിയാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വലിയ അക്രമമാണ് നടക്കുന്നത്. പരാജയ ഭീതി കൊണ്ട് ഉണ്ടാകുന്നതാണിത്. പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. യുഡിഎഫിൽ ഉള്ളവർ തന്നെ ഇതിനെതിരെ പ്രതികരിക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സൈബർ ക്രിമിനലുകളെ കോണ്ഗ്രസ് തീറ്റി പോറ്റുകയാണെന്ന് അഡ്വ എം സ്വരാജ് കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കൾ ഇവരെ ഉച്ചഭാഷിണികളായി ഉപയോഗിക്കുകയാണ്. വി എം സുധീരൻ തന്നെ ഇത് സംബന്ധിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. സ്റ്റീഫൻ ജോൺ , ഗീതാ പി ജോൺ എന്നീയാളുകളുടെയും ഞാൻ ആലങ്ങാടൻ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയുമാണ് അപകീർത്തിപ്പെടുത്തലെന്നും സ്വരാജ് പറഞ്ഞു.
പരാതി നൽകിയ ശേഷം വീഡിയോ ഷെയർ ചെയ്യരുതെന്ന് കോൺഗ്രസ് ഗ്രൂപ്പുകളിൽ നിർദ്ദേശം വന്നു. കോണ്ഗ്രസ് നേതൃത്വം അറിയാതെ ഇത്തരം സംഭവം നടക്കില്ലെന്നും എം സ്വരാജ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam