തൃപ്പൂണിത്തുറ പാലത്തിലെ മരണക്കെണി; പരിശോധനയിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥ൪ക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി

Published : Jun 06, 2022, 03:32 PM ISTUpdated : Jun 06, 2022, 03:47 PM IST
തൃപ്പൂണിത്തുറ പാലത്തിലെ മരണക്കെണി; പരിശോധനയിൽ  വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥ൪ക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി

Synopsis

മനുഷ്യന്‍റെ ജീവനും സുരക്ഷിതത്വത്തിനുമാണ് പ്രധാനം. ഏതെങ്കിലും തരത്തിലുള്ള അനാസ്ഥ ഉണ്ടായതായി പൊതുസമൂഹത്തിന് പരാതി ഉണ്ടെങ്കിൽ ഉടനടി നടപടി എടുക്കുമെന്ന് മന്ത്രി.

കൊച്ചി: തൃപ്പൂണിത്തുറയിൽ പാലം പണിക്ക് എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥ൪  വീഴ്ച വരുത്തിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് (Muhammad Riyas). ഏതെങ്കിലും തരത്തിലുള്ള അനാസ്ഥ ഉണ്ടായതായി പൊതുസമൂഹത്തിന് പരാതി ഉണ്ടെങ്കിൽ ഉടനടി നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചു.

മനുഷ്യന്‍റെ ജീവനും സുരക്ഷിതത്വത്തിനുമാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കാൻ ചീഫ് എൻജിനിയർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചെയ്യേണ്ട ഉത്തരവാദിത്വം നിർവഹിക്കാത്ത ഉദ്യോഗസ്ഥരെ എന്ത് ചെയ്യണമെന്ന് അറിയാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തൃപ്പൂണിത്തുറ സംഭവത്തിൽ പൊലീസ് ക്രിമിനൽ കേസെടുത്ത് മുന്നോട്ടുപോകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഇങ്ങനെയൊക്കെയെ ജോലി ചെയ്യാൻ കഴിയൂ എന്ന് ചിന്തിക്കുന്നവർ  ഇങ്ങനെയൊന്നും പോകാൻ പറ്റില്ല എന്ന് മനസ്സിലാക്കണം. തിരുത്തേണ്ടവർ തിരുത്തുക, അല്ലാത്തവർ നടപടി നേരിടണമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

സീപോർട്ട് എയർപോർട്ട് റോഡിലെ അന്ധകാര തോടിനെ കുറുകെയുള്ള പാതിപൂർത്തിയായ പാലമാണ് മരണക്കെണിയായത്. ഏരൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. സുഹൃത്ത് ആദർശ് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലാണ്. ആറ് മാസത്തിലധികമായി പണി തുടർന്നിരുന്ന പാലത്തിൽ നിർമ്മാണ സൂചകങ്ങളായി സ്ഥാപിച്ചിരുന്നത് രണ്ട് വീപ്പകൾ മാത്രമാണ്. ഇതും കഴിഞ്ഞ ദിവസം രാത്രി പണി നടന്നിരുന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതോടെയാണ് പുതിയകാവിൽ നിന്ന് എത്തിയ ബൈക്ക് യാത്രികർ നേരെ പാലത്തിൽ വന്ന് ഇടിച്ചത്.

തൃപ്പൂണിത്തുറ സ്വദേശിയായ കരാറുകാരൻ വർക്കിച്ചൻ ടി വള്ളമറ്റത്തിന്‍റെ ഭാഗത്ത് വീഴ്ച ബോദ്ധ്യമായതോടെയാണ് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തത്. അശ്രദ്ധ കാരണം ഉണ്ടായ മരണത്തിനാണ് കേസ്. സംഭവം വാർത്തയായതോടെ പൊതുമരാമത്ത് വകുപ്പും വിഷയത്തില്‍ ഇടപെട്ടു. പാലം വിഭാഗം എക്സി എഞ്ചിനിയർ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഏരൂർ സ്വദേശിയായ വിഷ്ണു കൊച്ചി ബിപിസിഎല്ലിൽ കരാർ ജീവനക്കാരനായിരുന്നു. സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് മടങ്ങും വഴിയായിരുന്നു അപകടം. ഈ അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്ന് വിഷ്ണുവിന്‍റെ അച്ഛൻ മാധവൻ പറയുന്നു. ആറ് മാസമായിട്ടും പാലം പണി പൂർത്തിയാകാത്തതിൽ നാട്ടുകാരിൽ നിന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ദാരുണസംഭവം.

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K