
തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശ്ശൂർ സഹകരണ ബാങ്കിൽ ഇഡി നടത്തിയ റെയ്ഡ് അവസാനിച്ചത് ഇന്ന് പുലർച്ചെ രണ്ട് മണിക്ക്. കേസിലെ മുഖ്യപ്രതി സതീശ് കുമാറിന്‍റെ ബെനാമി ഇടപാടുകളുള്ള അയ്യന്തോള്‍ സഹകരണ ബാങ്കിൽ 24 മണിക്കൂറിന് ശേഷവും റെയ്ഡ് തുടരുകയാണ്. തൃശ്ശൂര്‍ സഹകരണ ബാങ്കിലെ പരിശോധന 17 മണിക്കൂറിലധികം സമയമെടുത്ത് പുലർച്ചെ രണ്ട് മണി വരെയാണ് നീണ്ടത്. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റും കേരളാ ബാങ്ക് വൈസ് പ്രസിഡന്‍റും സിപിഎം സംസ്ഥാന സമിതി അംഗവുമായ എംകെ കണ്ണനെ വിളിച്ചുവരുത്തി, ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഇഡി റെയ്ഡിന് ശേഷം കണ്ണൻ പ്രതികരിച്ചു.
ഇ ഡി ബാങ്കിലെ അക്കൗണ്ടിലെ വിവരങ്ങൾ തേടുകയാണ് ചെയ്യുന്നതെന്ന് കണ്ണൻ പറഞ്ഞു. സതീശന്റെ അക്കൗണ്ടുകളുടെ വിവരങ്ങൾ തേടിയെന്നും അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങൾ ഇ ഡി കൊണ്ടു പോയെന്നും അദ്ദേഹം വിശദീകരിച്ചു. തന്നോട് ബാങ്കിലെത്താൻ ഇ ഡി ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വന്നത്. തൃശൂര്‍ സഹകരണ ബാങ്കിൽ സതീശന് ചെറിയ നിക്ഷേപങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ ഡി തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് കണ്ണൻ പറഞ്ഞു. കൊടുങ്ങല്ലൂർ കേസിനെക്കുറിച്ച് തനിക്ക് അറിയില്ല. അനിൽ അക്കരുടെ ആരോപണങ്ങൾ മാധ്യമങ്ങൾ ഏറ്റുപറയരുതെന്നും അനിൽ അക്കരക്ക് തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ വ്യക്തി വിരോധമാണെന്നും കണ്ണൻ കുറ്റപ്പെടുത്തി. സതീശനെ ഒരാളുമായും പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ല. സതീശനെ കഴിഞ്ഞ 30 കൊല്ലമായി അറിയാമെന്നും കാണാറും സംസാരിക്കാറുമെല്ലാമുണ്ടെന്നും പറഞ്ഞ അദ്ദേഹം സതീശന്റെ ഗുണവും ദോഷവുമൊന്നും അന്വേഷിച്ചിട്ടില്ലെന്നും ലോഹ്യം മാത്രമേയുള്ളൂവെന്നും വ്യക്തമാക്കി. ഒരു കൂട്ടുകച്ചവടവും സതീശനുമായില്ലെന്നും അദ്ദേഹം പറഞ്ഞു.
Asianet News | Nipah Virus | Nipah Virus Kerala | Asianet News Live
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam