
തൃശ്ശൂര്‍: തൃശ്ശൂര്‍: യുഡിഎഫ് കൗൺസിലർമാരെ (Udf Councillors) വധിക്കാൻ ശ്രമിച്ചെന്ന കേസ് നിയമപരമായി നേരിടുമെന്ന് തൃശ്ശൂര്‍ കോർപ്പറേഷൻ മേയർ എം കെ വർഗീസ് (MK Varghese). അറസ്റ്റ് ഭയക്കുന്നില്ല. കൗൺസിൽ ഹാളിൽ പെട്രോളുമായി വന് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു. യുഡിഎഫ് കൗൺസിലർമാരെ പേടിച്ച് കോർപ്പറേഷനിൽ പോകുന്നില്ല. ഡ്രൈവറെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിക്കില്ല. ഡ്രൈവർ സമയോചിതമായി ഇടപ്പെട്ടത് കൊണ്ടാണ് അപകടം ഒഴിവായത്. അതേസമയം ഡ്രൈവറെ പിരിച്ചുവിടും വരെ മേയറുടെ ചേമ്പറിലെ സമരം തുടരുമെന്ന് യുഡിഎഫ് അറിയിച്ചു. കലക്കവെള്ളം കുടിവെള്ളമായി വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ കഴിഞ്ഞദിവസം മേയറെ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.
കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കോൺഗ്രസ് കൗൺസിലർമാരുടെ പരാതിയിൽ തൃശൂർ കോർപ്പറേഷൻ മേയർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഐപിസി 308 , 324 വകുപ്പുകൾ പ്രകാരമാണ് മേയർ എം കെ വർഗീസിനും ഡ്രൈവർ ലോറൻസിനുമെതിരെ കേസ് എടുത്തിരിക്കുന്നത്. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. വണ്ടി തടഞ്ഞ കൗൺസിലർമാർക്ക് നേരെ കാറോടിച്ച് കയറ്റിയെന്നാണ് പരാതി. മൂന്ന് കൗൺസിലർമാർക്ക് പരിക്കേറ്റിരുന്നു.
കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് കോഴിക്കോട് (Kozhikode) കല്ലായിയില്‍ വീട് കയറി ആക്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി പള്ളികമ്മറ്റി. അനധികൃത നിർമ്മാണം നടത്തിയ വീട്ടുടമ യഹിയയാണ് ഒത്തുതീർപ്പ് ചർച്ചകളില്‍നിന്നും ഏകപക്ഷീയമായി പിന്‍മാറിയതെന്നാണ് പള്ളികമ്മറ്റിയുടെ വാദം. മാസങ്ങളായി തുടരുന്ന അതിർത്തി തർക്കത്തില്‍ നിരവധി തവണ ചർച്ചയ്ക്ക് ശ്രമിച്ചിട്ടും യഹിയ തയാറായില്ലെന്നാണ് പള്ളി കമ്മറ്റി അധികൃതർ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നല്‍കിയതിന് പിന്നാലെയാണ് കമ്മറ്റി വിശദീകരണവുമായെത്തിയത്.
അതേസമയം കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പന്നിയങ്കര പോലീസ് അറിയിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചതില്‍ മാരകായാധുങ്ങളുപയോഗിച്ച് അക്രമം നടത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് കൂടുതല്‍ പേർക്ക് പങ്കുണ്ടെങ്കില്‍ പ്രതിചേർക്കും. അതേസമയം ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് കേസിലെ പ്രതികൾക്കുമേല്‍ ചുമത്തിയിട്ടുള്ളത്. അതിർത്തി തർക്കം പരിഹരിക്കാന്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ റവന്യൂ അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഉദ്യോഗസ്ഥനായ പന്നിയങ്കര എസ്ഐ പറഞ്ഞു.