ആളൊഴിഞ്ഞ ദുരിതാശ്വാസ ക്യാംപിൽ ഒറ്റയ്ക്കായി വള്ളിയമ്മ; ആശ്വാസമായി ജില്ല കളക്ടർ

By Web TeamFirst Published Aug 24, 2019, 7:45 PM IST
Highlights

ചാഴൂർ പഞ്ചായത്തിലെ ചാഴൂർ കമ്യൂണിറ്റി ഹാളിലെ ക്യാംപിലെ അന്തേവാസിയായിരുന്നു വള്ളിയമ്മ

തൃശൂർ: ദുരിതാശ്വാസ ക്യാംപിൽ നിന്ന് മറ്റുള്ളവരെല്ലാം പോയപ്പോൾ ഒറ്റയ്ക്കായി പോയ വള്ളിയമ്മയെന്ന(പൊന്നി) വയോധികയ്ക്ക് ആശ്വാസമായത് ജില്ലാ കളക്ടർ. ചാഴൂർ പഞ്ചായത്തിലെ ചാഴൂർ കമ്യൂണിറ്റി ഹാളിലെ ക്യാംപിലെ അന്തേവാസിയായിരുന്നു വള്ളിയമ്മ.

പുള്ള്, ആലപ്പാട്, ചാഴൂർ എന്നിവടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാംപുകളിലും ജില്ലാ കളക്റ്റർ എസ് ഷാനവാസിന്‍റെ നേതൃത്വത്തിൽ സന്ദർശനം നടത്തിയിരുന്നു. ക്യാംപുകൾ പിരിച്ചുവിട്ടപ്പോഴാണ് ഉറ്റവരാരുമില്ലാതെ ഒറ്റപ്പെട്ടിരിക്കുന്ന പൊന്നി  ജില്ലാ കളക്റ്റരുടെ ശ്രദ്ധയിൽപ്പെട്ടത്.

പാറക്കാട്ട് വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യയാണ് ഇവർ. ഇവരുടെ വീടും മറ്റ് സാഹചര്യവും സംബന്ധിച്ച് അടിയന്തിരമായി അന്വേഷിച്ച് പുനരധിവാസം സാധ്യമാക്കാൻ കളക്ടർ നിർദ്ദേശം നൽകി. ചാഴുർ പഞ്ചായത്ത് പ്രസിഡന്‍റ്  ജ്യോതി, വൈസ് പ്രസിഡന്‍റ്  രാമചന്ദ്രൻ, സെക്രട്ടറി ജോസ് എന്നിവർ ചേർന്ന് വള്ളിയമ്മയെ താത്‌കാലികമായി രാമവർമ്മപുരത്തുള്ള സർക്കാർ വൃദ്ധസദനത്തിൽ എത്തിച്ചു.

വള്ളിയമ്മയുടെ ജീവിത സാഹചര്യങ്ങൾ, വീടിന്റെ അവസ്ഥ മറ്റു വിശദവിവരങ്ങൾ അന്വേഷിക്കുന്നതിനായി തൃശൂർ, ഇരിങ്ങാലക്കുട ആർഡിഓമാരുടെ ടെക്‌നിക്കൽ അസിസ്റ്റന്‍റുമാരായ ബിനി സെബാസ്റ്റിയൻ, മാർഷൽ സി രാധാകൃഷ്ണൻ എന്നിവർക്ക് അടിയന്തര നിർദ്ദേശം നൽകി. വള്ളിയമ്മയുടെ വീടും പരിസരവും നേരിൽ കണ്ടു ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ വിവരങ്ങൾ ഉൾക്കൊള്ളിച്ച് റിപ്പോർട്ട് ആർഡിഒ വഴി ജില്ലാ കളക്റ്റർക്ക് നൽകി. വീടും പരിസരവും താമസയോഗ്യമല്ലെന്നാണ് റിപ്പോർട്ടിലുള്ളത്.

click me!