
ദുബൈ: സാക്ഷാല്‍ സവര്‍ക്കര്‍ രണ്ടാം ജന്മം ജനിച്ച് വന്നാല്‍ പോലും തൃശൂരിനെ എടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ എംപി ടി എന്‍ പ്രതാപന്‍. തൃശൂര്‍, തൃശൂരുകാരുടെ കൈയ്യില്‍ ഭദ്രമായിരിക്കുമെന്നും പ്രതാപന്‍ പറഞ്ഞു. ദുബൈയില്‍, നാട്ടിക കെഎംസിസി സംഘടിപ്പിച്ച 'ടി എന്നിനൊപ്പം ഒരു സായാഹ്നം' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതാപൻ. തൃശൂരിൽ ഇത്തവണ ജയിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജനങ്ങളുടെ പൾസ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും, ഒരു വോട്ടിനെങ്കിലും വിജയിപ്പിക്കണമെന്നാണ് അഭ്യർത്ഥനയെന്നും സുരേഷ് ഗോപി പറഞ്ഞു. ദുബൈയിൽ ‘ഗരുഢൻ’ സിനിമയുടെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാരുന്നു അദ്ദേഹം. ഒരു വോട്ടിനെങ്കിലും വിജയിപ്പിക്കണമെന്നാണ് അഭ്യർത്ഥന. പിന്നീട്, വ്യത്യസ്തമായ തൃശൂരിനെ കാണാമെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി തന്നെ ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വളരെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ലോക്സഭയിലേക്ക് കണ്ണൂരിൽ നിന്നും മത്സരിക്കാൻ തയ്യാറെന്ന സൂചനയും സുരേഷ് ഗോപി നല്‍കിയിരുന്നു. തന്നെ വരത്തനെന്ന് വിളിക്കാൻ കുറച്ചുകാലം കൂടി മാത്രം വടക്കുള്ളവർക്ക് അവസരമെന്ന് സുരേഷ് ഗോപി പയ്യന്നൂരിൽ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കുറച്ചുകാലം കഴിഞ്ഞാൽ താൻ നിങ്ങളുടെ സ്വന്തമായും വരാമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയിലേക്ക് തൃശ്ശൂരിൽ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറെന്ന് നടൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ആലപ്പുഴയിലെ കുട്ടനാട്ടില്‍ ജനിച്ച് കൊല്ലത്ത് അച്ഛന്‍റെ നാട്ടില്‍ രണ്ടര വയസായപ്പോള്‍ കൊണ്ടുപോയി അവിടെ വളര്‍ന്ന് പഠിച്ച് ഒരു പൗരന്മായി മാറിയ ആളാണ് താനെന്ന് സുരേഷ് ഗോപി പറഞ്ഞു. പിന്നീട് തൊഴില്‍ തേടി ചെന്നൈയിലേക്ക് പോയി.
ഒരു പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് ഭാഷ വിഹരിക്കുന്ന സ്ഥലത്ത് നാലു വര്‍ഷത്തെ അല്ലലുകളും വ്യാകുലതകള്‍ക്കുമിടയിലാണ് കരിയര്‍ നട്ടുവളര്‍ത്താനായത്. ഇന്ന് അത് നിങ്ങള്‍ക്കൊരു തണല്‍ മരമായി കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതിന് വളം നല്‍കി വേരുറപ്പിച്ചത് ചെന്നൈയാണ്. ഇന്ന് ജീവിതം ഉറപ്പിച്ചിരിക്കുന്നത് 33 വര്‍ഷമായി ഭാര്യ വീടുള്ള തിരുവനന്തപുരത്താണ്. തലസ്ഥാന നഗരിയില്‍നിന്നും തീര്‍ത്തും ഒരു തെക്കന് വേണമെങ്കില്‍ കുറച്ചുകാലത്തേക്ക് കൂടി വരത്തന്‍ എന്ന് നിങ്ങള്‍ക്ക് ചാര്‍ത്തി തരാന്‍ താന്‍ അവസരം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam