
തൃശൂര്‍: കാത്തുകാത്തിരുന്ന തൃശൂര്‍ പൂരത്തിന്‍റെ വിളംബരം ആഘോഷമായി. ശനിയാഴ്ച്ച രാവിലെ 12.20 നു നൈതലക്കാവ് ഭഗവതി ശ്രീവടക്കുംനാഥന്റെ തെക്കേഗോപുരനട തള്ളിത്തുറന്നു. ഇതോടെ നാടും നഗരവും പൂരത്തിരക്കിലേക്കാണ് കടന്നത്. കൊമ്പന്‍ എറണാകുളം ശിവകുമാറാണ് തെക്കേനട തുറന്നത്. ഇതോടെ പൂരചടങ്ങുകള്‍ തുടങ്ങി. ഞായറാഴ്ച്ച രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരം പൂത്തുലയും.
കൊച്ചിരാജാവായിരുന്ന ശക്തന്‍റെ തൃശൂരിലെ കോവിലകത്തു പ്രതിഷ്ഠിച്ച നൈതലക്കാവ് ഭഗവതിക്കു പൂരവിളംബരം നടത്താന്‍ അനുമതി നല്‍കിയെന്നാണ് വിശ്വാസം. പൂരത്തിന്റെ ആചാരപരമായ അനുഷ്ഠാനമാണ് വിളംബരം. പൂരത്തിനെത്തുന്ന ഘടകക്ഷേത്രങ്ങള്‍ക്ക് വേണ്ട സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് നൈതലക്കാവ് ഭഗവതി എഴുന്നള്ളിയെത്തുന്നത്. 1952ല്‍ കോവിലകത്തും പൂരം നിലച്ചതോടെ പൂരം വിളംബരവും അന്യമായി. പിന്നീട് 2004 ല്‍ വിളംബരചടങ്ങ് പുന:രാരംഭിച്ചു.
നൈതലക്കാവ് ഭഗവതിയുടെ തിടമ്പുമായി എഴുന്നള്ളിയെത്തുന്ന കൊമ്പന്‍ ദേവസ്വം ശിവകുമാറിനെ പൂരപ്രേമികള്‍ ആര്‍പ്പുവിളിച്ചാണ് എതിരേറ്റത്. തെക്കേ ഗോപുര നടയില്‍ സൂചികുത്താന്‍ ഇടമില്ലായിരുന്നു. പൂരത്തെ വെല്ലുന്ന ജനക്കൂട്ടമായിരുന്നു തെക്കേ ഗോപുര വാതില്‍ തുറക്കുന്ന കാഴ്ച്ച കാണാന്‍ എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതാനും പേര്‍ മാത്രം എത്തിയിരുന്ന ചടങ്ങാണ് ഇന്ന് ഏറ്റവും ജനപ്രീതി ആര്‍ജിച്ചിരിക്കുന്നത്. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കേ ഗോപുരവാതില്‍ തുറക്കാന്‍ എത്തിയതോടെയാണ് ഇത് ജനപ്രിയമായത്.
പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്നത് തെക്കേഗോപുരനടയിലാണ്. അതിനാലാണ് ഇവിടം തുറന്ന് വിളംബരം നടത്തുന്നത്. മേളത്തോടെ ശ്രീമൂലസ്ഥാനത്തെത്തി നിലപാടുതറയില്‍ പ്രവേശിച്ചശേഷം മാരാര്‍ മൂന്നുവട്ടം ശംഖു മുഴക്കിയതോടെ പൂരത്തിന് ഔപചാരികമായി വിളംബരമായി. നെയ്തലക്കാവമ്മ തുറക്കുന്ന തെക്കേഗോപുരനടയിലൂടെയാണ് പൂരത്തിനെത്തുന്ന ആദ്യദേവനായ കണിമംഗലം ശാസ്താവ് ഞായറാഴ്ച്ച വടക്കുംനാഥനിലേക്ക് പ്രവേശിക്കുന്നത്. ഞായറാഴ്ച്ചയാണ് തൃശൂര്‍പൂരം. പിറ്റേന്ന് ഉച്ചയോടെ പൂരം സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമെത്തുമെന്നാണ് നിഗമനം. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പോലീസുകാരേയാണ് വിന്യസിച്ചിട്ടുള്ളത്.