നിറങ്ങൾ വിരിഞ്ഞ് കുടമാറ്റം: താളം കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളം: മനം നിറഞ്ഞ് പൂരപ്രേമികൾ

Published : May 13, 2019, 06:48 PM ISTUpdated : May 13, 2019, 09:25 PM IST
നിറങ്ങൾ വിരിഞ്ഞ് കുടമാറ്റം: താളം കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളം: മനം നിറഞ്ഞ് പൂരപ്രേമികൾ

Synopsis

പാറമേക്കാവ് - തിരുവമ്പാടി ദേവിമാർ മുഖാമുഖം നിരന്നു. പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ വാനിലുയർന്നു. പുതിയ വർണ്ണക്കൂട്ടുകൾ കുടകളിൽ വിരിയുമ്പോൾ ആ‍ർപ്പുവിളികളോടെ പൂരപ്രേമികൾ. 

തൃശ്ശൂർ: നിറങ്ങൾ വിടർന്ന പൂരവിസ്മയമായി കുടമാറ്റം. വാശിയോടെ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ പരസ്പരം കുടകൾ മത്സരിച്ചുയർത്തിയതോടെ പൂരപ്രേമികൾ ആവേശത്തിലായി. ശാരീരികാവശതകൾ അനുഭവപ്പെട്ടെങ്കിലും അതെല്ലാം മറന്ന് പെരുവനം കുട്ടൻമാരാർ നയിച്ച ഇലഞ്ഞിത്തറമേളം, താളപ്പെരുക്കമായി.

രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്‌ കുടമാറ്റം. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.

പതിവുപോലെത്തന്നെ വ്യത്യസ്തമായ കുടകളുടെ ഭംഗി തന്നെയായിരുന്നു കുടമാറ്റത്തിന്‍റെ പ്രധാന ആകർഷണം. കഥകളി രൂപങ്ങൾ മുതൽ മിക്കി മൗസിന്‍റെ ചിത്രങ്ങൾ വരെയുള്ള കുടകളും, പല നിലകളിലുള്ള കുടകളും കുടമാറ്റത്തിന് മിഴിവേകി. 

രാവിലെ അഞ്ച് മണിക്ക് കണിമംഗലം ശാസ്താവ് വടക്കുന്നാഥൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരത്തിന്‍റെ ചടങ്ങുകൾക്ക്തുടക്കമായത്. തുടർന്ന് ചെമ്പുക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് തുടങ്ങിയ ദേവീദേവൻമാർ ഘടകപൂരങ്ങളായി വടക്കുന്നാഥൻ ക്ഷേത്രത്തിലേക്ക് എത്തി. ഓരോ ഘടകപൂരങ്ങൾക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറി. തുടർന്ന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിൽ നിന്ന് വടക്കുന്നാഥൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന മഠത്തിൽ വരവ് നടന്നു. 

ഉച്ചയോടെ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. എല്ലാം മറന്ന് മേളപ്രേമികൾ കൈ ആകാശത്തേക്ക് എറിഞ്ഞുവീശി, ഓരോ മേളപ്പെരുക്കത്തിനും ഒപ്പം കൂടി. ശാരീരികാസ്വസ്ഥതകള്‍ മറന്നും മേളപ്രമാണിയായ പെരുവനം കുട്ടൻമാരാർ കൊട്ടിന് നേതൃത്വം നൽകി. രാവിലെ കടുത്ത പനി ബാധിച്ചാണ് കുട്ടൻമാരാർ എത്തിയത് തന്നെ. പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്പട മേളത്തിനിടെ കുട്ടൻമാരാർ തളർന്നു വീണിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ച് പ്രാ‌ഥമിക ചികിത്സ നൽകി. പക്ഷേ, എല്ലാ കൊല്ലവും മുടക്കാതെ വടക്കുന്നാഥന്‍റെ മുന്നിൽ കൊട്ടുന്ന പതിവ് അവശത മൂലം വേണ്ടെന്ന് വയ്ക്കാൻ കുട്ടൻമാരാർ തയ്യാറായിരുന്നില്ല. ചെറിയ ചികിത്സയ്ക്ക് ശേഷം, ആവേശത്തോടെ വീണ്ടും ഇലഞ്ഞിത്തറയിലെത്തി. മേളത്തിന്‍റെ ആവേശം നട്ടുച്ചയുടെ കൊടുംചൂടിനിടയിലും കൊട്ടിക്കയറി.

നാളെ പുലർച്ചെ ആകാശത്ത് വർണവിസ്മയം തീർത്ത് പൂരവെടിക്കെട്ട് നടക്കും. പിന്നീട് പകൽപ്പൂരമാണ്. അതിന് ശേഷം തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. ഇക്കൊല്ലത്തെ പൂരച്ചടങ്ങുകൾക്ക് അങ്ങനെ അവസാനമായി. 

കനത്ത സുരക്ഷയിലാണ് ഇത്തവണ തൃശ്ശൂർ പൂരത്തിന്‍റെ ചടങ്ങുകൾ നടത്തിയത്. നഗരത്തില്‍ സിസിടിവി ക്യാമറകള്‍ കൂടുതലായി സ്ഥാപിച്ചു. ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി മോക്ഡ്രില്‍ നടത്തി. ഓരോ വെടിക്കെട്ടിലും ഉപയോഗിക്കുന്ന കരിമരുന്നിന്‍റെ അളവ് എത്രയെന്ന് പ്രത്യേകമായി രേഖപ്പെടുത്തി ജില്ലാ കളക്ടര്‍ക്ക് നല്‍കാന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 3500-ഓളം ഉദ്യോഗസ്ഥരാണ് പൂരത്തിന് സുരക്ഷയേർപ്പെടുത്താൻ എത്തിയത്. കേന്ദ്രസേനയുൾപ്പടെ സുരക്ഷയ്ക്ക് മേൽനോട്ടം വഹിച്ചു. 

തൃശൂര്‍ പൂരം വിളംബരത്തിന് ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിലും വിവാദങ്ങളുയർന്നു ഇത്തവണ. നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് രാമചന്ദ്രനെ എഴുന്നള്ളിച്ചത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു ഇത്തവണ. ആരോഗ്യ പ്രശ്നങ്ങളും അക്രമ സ്വഭാവവുമുള്ള ആനയ്ക്ക് അനുമതി നൽകുന്ന കാര്യത്തിൽ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും കര്‍ശന ഉപാധികളോടെയാണ് എഴുന്നെള്ളിക്കാൻ ധാരണയായത്. 

നെയ്തലക്കാവിൽ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിന് വ്യത്യസ്തമായി ലോറിയിലാണ് ആനയെ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് എത്തിച്ചത്. തേക്കിൻകാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോൾ ആവേശത്തോടെ പുരുഷാരം ചുറ്റും കൂടി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം, പുതിയ വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി, പെൺകുട്ടിയെ കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം, വേഷം മാറി രക്ഷപ്പെടൽ, കൂടുതൽ വിവരങ്ങൾ പുറത്ത്