തൃശൂരിൽ പൂരാവേശം: ഘടകപൂരങ്ങളും വടക്കുംനാഥ സന്നിധിയിലേക്ക് എത്തിത്തുടങ്ങി

By Web TeamFirst Published May 13, 2019, 10:47 AM IST
Highlights

പൂരലഹരിയിലാണ് തൃശൂർ നഗരം. കണിമംഗലം ശാസ്താവ് ആദ്യം എഴുന്നള്ളി വടക്കുംനാഥനെ വണങ്ങിയ ശേഷം പുറത്തെത്തി. വിവിധ ഘടകപൂരങ്ങളും ക്ഷേത്രത്തിലേക്ക് നീങ്ങുകയാണ്.

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന്‍റെ ചടങ്ങുകള്‍ ആരംഭിച്ചു. കണിമംഗലം ശാസ്താവ് ആദ്യം എഴുന്നള്ളി വടക്കുംനാഥനെ വണങ്ങിയ ശേഷം പുറത്തെത്തി. വിവിധ ഘടക പൂരങ്ങളും വടക്കുംനാഥ സന്നിധിയിലേക്ക് എത്തിത്തുടങ്ങി. 

ഘടക പൂരങ്ങളിൽ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്‍റേത്. വെയിലോ മഴയോ ഏൽക്കാതെ വേണം കണിമംഗലം ശാസ്താവ് പൂര സന്നിധിയിലെത്താൻ എന്നാണ് വിശ്വാസം. അതിനാലാണ് വളരെ നേരെത്തെ തന്നെ കണിമംഗലം ശാസ്താവിന്‍റെ പൂരം പുറപ്പെടുന്നത്.  പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങളിലെയും പൂരങ്ങൾ വടക്കുംനാഥ സന്നിധിയിലെത്തുന്നതോടെ പൂരത്തിന്‍റെ ആഘോഷം കൊടുമുടിയിലെത്തും. 11 മണിയോടെയാണ് മഠത്തിൽ വരവ്. അതിന് ശേഷം പൂര പ്രേമികളുടെ ആവേശമായ ഇലഞ്ഞിത്തറമേളം നടക്കും. 

പഴയ നടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് കോങ്ങാട് മധു പ്രമാണിയാകും. 12.30ന് പാറമേക്കാവ് അമ്പലത്തിന് മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടൻ മാരാരുടെ ചെമ്പടമേളം. ഉച്ചയ്ക്ക് രണ്ട് മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്‍റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45ന് ശ്രീമൂലസ്ഥാനത്ത് കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. വൈകിട്ട് 5.30 നാണ് തെക്കേഗോപുരനടയിൽ കുടമാറ്റം. രാത്രി 11ന് പാറമേക്കാവ് വിഭാഗത്തിന്‍റെ പഞ്ചവാദ്യത്തിന് പരയ്ക്കാട് തങ്കപ്പൻ മാരാർ പ്രമാണിയാകും. 

ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷയാണ് തൃശൂർ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. 3500 ലധികം പൊലീസുകാരെയാണ് പൂരനഗരിയിൽ വിന്യസിച്ചിരിക്കുന്നത്. പൂരത്തോടനുബന്ധിച്ച്  സാധാരണയായി 60 ഓളം സിസിടിവികളാണ് സ്ഥാപിക്കാറുള്ളത്. എന്നാൽ ഇത്തവണ 100ലധികം സിസിടിവികളാണ് പൂര നഗരിയെ നിരീക്ഷിക്കാനായി ഒരുക്കിയിരിക്കുന്നത്. പൂരത്തിനെത്തുന്നവർ ക്യാരി ബാഗുകളും മറ്റും കൊണ്ടുവരരുതെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. 

click me!