Latest Videos

തൃശ്ശൂർ പൂരം സർക്കാരിന്റെ അനുവാദത്തോടെ നടത്തും; ജില്ലാ കളക്ടർ

By Web TeamFirst Published Mar 5, 2021, 2:34 PM IST
Highlights

15 ആന വേണമെന്ന ദേവസ്വത്തിൻ്റെ നിലപാട് സർക്കാരിനെ അറിയിക്കും. വിശദമായ റിപ്പോർട്ട് സർക്കാരിന് കൊടുക്കും. ഈ മാസം 9ന് വീണ്ടും യോ​ഗം ചേരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

തൃശ്ശൂർ: സർക്കാരിൻ്റെ അനുവാദത്തോടെ തൃശ്ശൂർ പൂരം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജനത്തെ പരമാവധി കുറയ്ക്കും. ഏതൊക്കെ ചടങ് വേണമെന്ന് പിന്നീട്  തീരുമാനിക്കും. 15 ആന വേണമെന്ന ദേവസ്വത്തിൻ്റെ നിലപാട് സർക്കാരിനെ അറിയിക്കും. വിശദമായ റിപ്പോർട്ട് സർക്കാരിന് കൊടുക്കും. ഈ മാസം 9ന് വീണ്ടും യോ​ഗം ചേരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

തൃശ്ശൂര്‍ പൂരത്തിന് മൂന്ന് ആനകള്‍ മാത്രമെ അനുവദിക്കൂ എന്ന ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനത്തിലിടഞ്ഞ് നിൽക്കുകയാണ് പാറമേക്കാവ് ദേവസ്വം. ആന കൂടിയാല്‍ കൊവിഡ് കൂടുമെന്ന വാദത്തിന് എന്ത് പ്രസക്തി എന്നാണ് ദേവസ്വത്തിൻ്റെ ചോദ്യം. പൂരം എക്സബിഷൻ നടത്താൻ അനുവദിച്ചില്ലെങ്കില്‍ പൂരം നടത്തിപ്പ് അവതാളത്തിലാകുമെന്നും ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് അനുനയചർച്ചകൾക്ക് ജില്ലാ ഭരണകൂടം മുൻകൈ എടുത്തത്. 

ഏപ്രില്‍ 23 നാണ് തൃശ്ശൂര്‍ പൂരം. പൂരത്തിൻ്റെ ഒരുക്കങ്ങള്‍ രണ്ടുമാസം മുമ്പേ തുടങ്ങണം. എന്നാല്‍ കുടമാറ്റം ഉള്‍പ്പെടെ ഏതൊക്കെ ചടങ്ങുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചടങ്ങുകള്‍ക്ക് മൂന്നു ആനകളെ എഴുന്നെള്ളിക്കാമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. എന്നാല്‍ കുടമാറ്റത്തിന് ഇരുവശത്തും അണിനിരക്കാൻ 15 ആനകള്‍ വീതം വേണമെന്നാണ് ദേവസ്വം അധികൃതരുടെ നിലപാട്. രാഷ്ട്രീയപാര്‍ട്ടികളുടെ യോഗങ്ങള്‍ക്കില്ലാത്ത എന്ത് കൊവിഡ് പ്രോട്ടോക്കോളാണ് തൃശ്ശൂര്‍ പൂരത്തിനെന്നാണ് ചോദ്യം. ആളുകളെ വേണമെങ്കിൽ നിയന്ത്രിച്ചോളൂ. പൂരം പതിവുപോലെ നടക്കണമെന്നാണ് നിലപാട്.

ഏതാണ്ട് 5 കോടി രൂപയാണ് പൂരം നടത്തിപ്പിന് ചെലവ് കണക്കാക്കുന്നത്. പൂരത്തിനോടനുബന്ധിച്ച് നടത്തുന്ന എക്സബിഷനിലൂടെയാണ് ഈ പണം കണ്ടെത്താറുളളത്. ഇത്തവണ പൂരം എക്സബിഷന് അനുമതി നല്‍കിയിട്ടില്ല. പൂരം നടത്തിപ്പിനെ തകര്‍ക്കാനുളള ശ്രമമാണിതെന്നാണ് ദേവസ്വത്തിൻ്റെ ആരോപണം.

click me!