
പാലക്കാട്: പരസ്യ സംവാദത്തിനുണ്ടോയെന്ന തൃത്താലയിലെ എൽ ഡി എഫ് സ്ഥാനാർഥിയായ മന്ത്രി എം ബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറെന്ന് യു ഡി എഫ് സ്ഥാനാർഥി വി ടി ബൽറാം. പരസ്യ സംവാദമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വെല്ലുവിളി എറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെയാണ് ബൽറാമും രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്തത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നടന്നതിന് തൊട്ടുപിന്നാലെ തൃത്താല മണ്ഡലത്തിൽ രാജേഷുമായി നേരിട്ടുള്ള സംവാദത്തിന് തയ്യാറാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബൽറാം പ്രഖ്യാപിച്ചത്. 2011 - 16 കാലയളവിലെ എം എൽ എ എന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങളും, 2021 - 26 കാലയളവിൽ മന്ത്രിയായും സ്പീക്കറായും എം ബി രാജേഷ് നടത്തിയ പ്രവർത്തനങ്ങളും തമ്മിൽ താരതമ്യം ചെയ്യാമെന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വസ്തുതകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ തൃത്താലയിലെ ജനങ്ങൾ തന്നെ ആരാണ് മികച്ചതെന്ന് തീരുമാനിക്കട്ടെയെന്നും, നിലവിലെ അവസ്ഥയിൽ മണ്ഡലത്തിലെ ജനങ്ങൾ യഥാർത്ഥത്തിൽ സന്തോഷവാൻമാരാണോ എന്ന് സംവാദത്തിലൂടെ വ്യക്തമാകുമെന്നും യു ഡി എഫ് സ്ഥാനാർഥി കൂട്ടിച്ചേർത്തു.
നേരിട്ടുള്ള സംവാദത്തിനുള്ള പ്രതിപക്ഷ നേതാവിൻ്റെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചതായി വാർത്ത വരുന്നു. കഴിഞ്ഞ ഡിസംബർ മാസം മുതൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്ന ഇക്കാര്യം ഇപ്പോഴാണ് സ്വീകരിക്കപ്പെടുന്നത്. തീയ്യതിയും സ്ഥലവും പ്ലാറ്റ്ഫോമും തീരുമാനിക്കപ്പെട്ടിട്ടില്ല എന്നറിയുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നടന്നതിന് തൊട്ടുപിന്നാലെ തൃത്താല മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർത്ഥിയുമായി അത്തരമൊരു സംവാദത്തിന് ഞാനും യുഡിഎഫും തയ്യാറാണ്. പത്ത് വർഷവും അഞ്ച് വർഷവും എന്ന താരതമ്യത്തിലെ അസമത്വം പോലും പരിഗണിക്കേണ്ടതില്ല. ഭരണപക്ഷ എംഎൽഎ എന്ന നിലയിലെ 2011-16 കാലത്തെ എൻ്റെ അഞ്ച് വർഷവും ഭരണപക്ഷത്തെ പ്രമുഖ മന്ത്രിയും സ്പീക്കറുമെന്ന നിലയിലെ എതിർ സ്ഥാനാർത്ഥിയുടെ 2021-26 കാലത്തെ അഞ്ച് വർഷവും തന്നെ താരതമ്യത്തിനെടുക്കാം. വസ്തുതകളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ തൃത്താലയിലെ ജനങ്ങൾ തീരുമാനിക്കട്ടെ, ആരാണ് ബെസ്റ്റെന്ന്. തൃത്താലക്കാർ തന്നെ പറയട്ടെ, നിലവിലെ അവസ്ഥയിൽ അവർ യഥാർത്ഥത്തിൽ ഹാപ്പി ആണോ എന്ന്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam