തൃത്താലയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റെന്ന് കുടുംബം

By Web TeamFirst Published Jul 8, 2021, 7:17 AM IST
Highlights

കറുകപുത്തൂരിന് സമീപം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് ഒറ്റപ്പെട്ട സംഭവമായല്ല പൊലീസ് കാണുന്നത്

തൃത്താല: കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ വൻ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ. പെൺകുട്ടിയുടെ ഫോണിൽ നിന്നും കിട്ടിയ ഈ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

കറുകപുത്തൂരിന് സമീപം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് ഒറ്റപ്പെട്ട സംഭവമായല്ല പൊലീസ് കാണുന്നത്. മുഖ്യമന്ത്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കാമുകൻ, അയൽവാസികൾ, പെൺകുട്ടിയുടെ സുഹൃത്തുക്കൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പരാതിയിൽ പറയുന്ന പ്രതികളെ കൂടാതെ വലിയൊരു ലഹരി മരുന്ന് സെക്സ് റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. 

പട്ടാമ്പിയിലെ ഒരു ലോഡ്ജിൽ പെൺകുട്ടിയെ എത്തിച്ചുവെന്നും അന്ന് പത്തോളം ആളുകൾ ആ മുറിയിലെത്തി ലഹരി മരുന്ന് ഉപയോഗിച്ചെന്നും പരാതിയിലുളളതും ഗൗരവമായാണ് പൊലീസ് കാണുന്നത്. കൂടാതെ, പെൺകുട്ടിയുടെ ഫോണിൽ നിന്ന് ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരയായ പെൺകുട്ടിയെ കൂടാതെ മറ്റ് നിരവധി പെൺകുട്ടികൾ റാക്കറ്റിന്റെ വലയിൽ ഉണ്ടെന്നും ഈ ദിശയിലേക്ക് കൂടി അന്വേഷണം വേണമന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

നിലവിൽ കസ്റ്റഡിയിലുളളയാളെ ഷൊർണൂർ ഡിവൈഎസ്പി, സ്പെഷ്യൽ ബ്രാ‌ഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. പെൺകുട്ടിയെ നേരിട്ട് കണ്ട അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. തന്റെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ചാലിശ്ശേരി പൊലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!