'തുഷാറിനെതിരായ കേസ് ഗൂഢാലോചനയല്ല, ഗതികേട്'; തുറന്ന് പറഞ്ഞ് നാസിലിന്‍റെ ഉമ്മ

By Web TeamFirst Published Aug 23, 2019, 11:08 AM IST
Highlights

നിവൃത്തികേടുകൊണ്ടാണ് കേസ് കൊടുത്തത്. പത്ത് വർഷമായി തുഷാർ നൽകാനുള്ള പണം കൊടുക്കാതെ പറ്റിക്കുന്നു. തുഷാർ പറ്റിച്ചതിനെ തുടർന്നാണ് നാസിൽ ദുബായിൽ ജയിലിലായതെന്നും ഉമ്മ റാബിയ. 

തൃശ്ശൂർ: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി നാസിൽ അബ്ദുള്ളയെ സാമ്പത്തികമായി വൻതുക പറ്റിച്ചെന്ന് ഉമ്മ റാബിയ. പല വട്ടം പൈസ ചോദിച്ചിട്ടും തന്നില്ല. പത്ത് വർഷമായി തുഷാർ നൽകാനുള്ള പണം കൊടുക്കാതെ പറ്റിക്കുന്നു. തുഷാർ പറ്റിച്ചതിനെ തുടർന്നാണ് നാസിൽ ദുബായിൽ ജയിലിലായതെന്നും ഉമ്മ റാബിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാൻ ഇഷ്ടമുണ്ടായിട്ടല്ല, നിവൃത്തികേടുകൊണ്ടാണ് കേസുകൊടുത്തത്. ഇതിന് പിന്നിൽ ഗൂഢാലോചനയൊന്നുമില്ല. സ്ഥലം വിറ്റും നിരവധി പേരിൽ നിന്ന് കടം വാങ്ങിയുമാണ് നാസിലിനെ ജയിലിൽ നിന്ന് പുറത്തിറക്കിയത്. ഇപ്പോൾ കടം കാരണം നാസിലിന് നാട്ടിൽ വരാനാകാത്ത അവസ്ഥയാണ്. തുഷാർ എങ്ങനെയെങ്കിലും ആ പണം തിരിച്ച് തരണം. തുഷാറിനെ കേസിൽ കുടുക്കാൻ ആഗ്രഹമില്ല. ഇനിയെങ്കിലും തുഷാർ പണം തിരികെ തരുമെന്നാണ് പ്രതീക്ഷ - ഉമ്മ റാബിയ പറയുന്നു.

തീരെ അവശരായ നാസിലിന്‍റെ ഉപ്പയും ഉമ്മയും വീട്ടിൽ ഒറ്റയ്ക്കാണ്. ഉപ്പ വീൽചെയറിലാണ്. വിവരങ്ങളെക്കുറിച്ചൊന്നും പറയാൻ വയ്യ. കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ ഉപ്പ വിതുമ്പി. 

ഇന്നലെ നാസിൽ അബ്ദുള്ളയുടെ കൊടുങ്ങല്ലൂരിലെ വീട്ടിൽ മതിലകം പൊലീസെത്തി പരിശോധന നടത്തിയിരുന്നു. അരമണിക്കൂറോളം പൊലീസ് ഈ വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. 

നാസിൽ അബ്ദുള്ള എന്താണ് ചെയ്യുന്നത്, എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങൾ പൊലീസ് അന്വേഷിച്ചെന്നാണ് പറയുന്നത്. ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. വീടിനകത്ത് പരിശോധന നടത്തിയതായി വിവരമില്ല. മാതാപിതാക്കളോട് വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പൊലീസ് പറഞ്ഞു. കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന നാസിൽ രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയതെന്നും പൊലീസ് പറയുന്നു. 

പത്തുവര്‍ഷത്തിന് മുമ്പുള്ള സംഭവത്തിൽ ഇപ്പോഴൊരു കേസ് വരുമ്പോൾ അതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പൊലീസെത്തിയത്. 

അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബി‍ഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അജ്‍മാൻ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് കടന്ന
തുഷാര്‍ വെള്ളാപ്പള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായി. ഇതിനിടെ പലതവണ നാസില്‍ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തു തീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു.

ഒടുവില്‍ സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചു. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് നാസിലിന്‍റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

click me!