ചെക്ക് കേസിൽ നിന്ന് മോചിതനായ തുഷാർ വെളളാപ്പളളി ഇന്ന് കേരളത്തിലെത്തും

By Web TeamFirst Published Sep 15, 2019, 7:17 AM IST
Highlights

തുഷാറിനെതിരായ ചെക്ക് കേസ് കഴിഞ്ഞ ഞായറാഴ്ചയാണ് അജ്മാൻ കോടതി തള്ളിയത്. പരാതിക്കാരന്‍ സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

കൊച്ചി: യുഎഇ അജ്മാൻ കോടതിയിലെ ചെക്ക് കേസ് തള്ളിയതിനെ തുടർന്ന് ബിഡി‍ജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്‍റുമായ തുഷാർ വെള്ളാപ്പള്ളി ഇന്ന് കേരളത്തിൽ മടങ്ങിയെത്തും. രാവിലെ ഒമ്പത് മണിക്ക് നെടുമ്പാശ്ശേരി വിമാനതാവളത്തിലെത്തുന്ന തുഷാറിന് എസ്എൻഡിപി യോഗം പ്രവർത്തകർ സ്വീകരണം നൽകും. തുടർന്ന് ആലുവയിൽ നടക്കുന്ന എസ്എൻഡിപി യോഗത്തിൽ പങ്കെടുക്കുന്ന തുഷാർ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

തുഷാറിനെതിരായ ചെക്ക് കേസ് കഴിഞ്ഞ ഞായറാഴ്ചയാണ് അജ്മാൻ കോടതി തള്ളിയത്. പരാതിക്കാരനായ തൃശ്ശൂർ സ്വദേശി നാസിൽ അബ്ദുല്ല ഹാജരാക്കിയ രേഖകൾ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. നാസിൽ അബ്ദുള്ള നൽകിയ ക്രിമനൽ കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് തളളിയതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്പോർട്ട് തുഷാറിന് തിരിച്ചുനൽകിയിരുന്നു. ഇതിനിടെ, തനിക്കെതിരെ ചെക്ക് കേസ് നൽകിയ വ്യവസായി നാസിൽ അബ്ദുള്ളയ്‍ക്കെതിരെ ക്രിമിനൽ കേസ് നൽകാൻ ഒരുങ്ങുകയാണ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.

click me!