
പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്‍റെ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെയാണ് കടുവ പിടികൂടിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ ഓടിപ്പോയിരുന്നു. പശുവിനെയും കടിച്ചെടുത്ത കടുവ ചാണക കുഴിയില്‍ വീണു. ആളുകൾ ബഹളം വെച്ചതോട് കടുവ തോട്ടത്തിലേക്ക് ഓടിപ്പോയി. കടുവയുടെ കാല്‍പാടുകള്‍ സമീപത്ത് പതിഞ്ഞിട്ടുണ്ട്. ഈ വീടിന്‍റെ സമീപപ്രദേശമായ അമ്പത്തിയാറിലാണ് കഴിഞ്ഞ ദിവസം കാളക്കുട്ടിയെ കടുവ കടിച്ച് കൊന്നത്. ഇന്നലെ രാത്രി വാഴയില്‍ അനീഷ് എന്ന പ്രദേശവാസി കടുവയ്ക്ക് മുന്നില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബൈക്കില്‍ പോകുമ്പോള്‍ കടുവ മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനീഷിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുല്‍പ്പള്ളി പ്രതിഷേധം, അഞ്ച് കേസുകളെടുത്ത് പൊലീസ്
കുറുവ ദ്വീപിലെ താല്‍ക്കാലിക ജീവനക്കാരനായ പോളിന്‍റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുല്‍പ്പള്ളിയിലുണ്ടായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. വിവിധ അക്രമസംഭവങ്ങളിലാണ് കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തത്. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും മൃതദേഹം തടഞ്ഞതിനുമടക്കം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസിന് നേരെ കല്ലെറിഞ്ഞതിലും പാക്കത്തെ പോളിന്‍റെ വീടിന് മുമ്പിലുണ്ടായ അനിഷ്ടസംഭവങ്ങളിലുമടക്കം കേസുണ്ട്. അജയ് നടവയല്‍, ഷിജു പെരിക്കല്ലൂര്‍, സിജീഷ് കുളത്തൂര്‍ തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ളത്. അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam