
കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിലെ അമരക്കുനിയിൽ കഴിഞ്ഞ് പത്ത് ദിവസമായി ഭീതി പരത്തിയിരുന്ന കടുവ ഒടുവിൽ കൂട്ടിലായി. വ്യാഴാഴ്ച രാത്രിയോടെയാരുന്നു ദേവർഗദ്ദയിലെ കൂട്ടിൽ കടുവ കുടുങ്ങിയത്. അഞ്ച് കൂടുകളാണ് കടുവയെ പിടികൂടാനായി വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്നത്. വ്യാഴാഴ്ചയാണ് ഇതിൽ ഒരു കൂട് സ്ഥാപിച്ചത്. കടുവ എത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ കണക്കാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്ന കൂടുകളിലൊന്നിൽ തന്നെ രാത്രി കടുവ കുടുങ്ങുകയും ചെയ്തു.
വനംവകുപ്പിന്‍റെയും വെറ്ററിനറി സംഘത്തിന്റെയും ആർആർടിയുടെയും സംഘങ്ങൾ മയക്കുവെടി വെയ്ക്കാനായി വലിയ തോതിലുള്ള നിരീക്ഷണങ്ങൾ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ആളുകൾ പരിഭ്രാന്തിയിൽ തുടരുന്നതിനിടെയാണ് അൽപം മുമ്പ് കടുവ കെണിയിൽ കുടുങ്ങിയത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. കടുവയെ പചാടിയിലേക്ക് മാറ്റും. ഹോസ്പേസിലേക്കായിരിക്കും കടുവയെ കൊണ്ടുപോവുക. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടിരുന്ന അവസ്ഥയിലായിരുന്ന നാട്ടുകാർക്ക് വലിയ ആശ്വാസം പകരുന്ന വാർത്തയാണ് വ്യാഴാഴ്ച അർദ്ധരാത്രിയോടെ അവരെ തേടിയെത്തിയത്.
ഇതുവരെ അഞ്ച് ആടുകളെയാണ് പ്രദേശത്തു നിന്ന് കടുവ പിടിച്ചത്. ചൊവ്വാഴ്ചയാണ് അവസാനമായി കടുവ ആടിനെ കൊന്നത്. ഇതോടെ കടുവ കൊന്ന ആടുകളുടെ എണ്ണം അഞ്ചായിരുന്നു. തൂപ്രയിൽ ചന്ദ്രന്റെ ആടിനെയാണ് ചൊവ്വാഴ്ച കടുവ പിടിച്ചത്. ആടിനെ കൊന്നത് പിന്നാലെ രണ്ട് തവണ കൂടി കടുവ ഇവിടെ വന്നുവെന്നും ആടിന്റെ ഉടമ ചന്ദ്രൻ പറഞ്ഞു. തെരച്ചിൽ തുടരുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരം 7.20ഓടെ തൂപ്രയിൽ റോഡ് മുറിച്ച് കടക്കുന്ന കടുവയുടെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam