കൊന്നും കൊടുത്തും തീരാത്ത കുടിപ്പക: ഒടുവിൽ ടില്ലു അറ്റാക്കിൽ ഗോഗിക്ക് അന്ത്യം

By Asianet MalayalamFirst Published Sep 24, 2021, 6:49 PM IST
Highlights

 ക്രമസമാധാന പാലനത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ച ​ഗോ​ഗിയുടെ മരണം ഒരു തരത്തിൽ ദില്ലി പൊലീസിന് ആശ്വാസം നൽകുമെങ്കിലും ​ഗോ​ഗിയുടെ എതി‍രാളിയായ ടില്ലു ടാജ്പുരിയയുടെ ടില്ലും ​ഗ്യാം​ഗ് ഇനി കളം പിടിക്കാൻ ശ്രമിക്കുമെന്നത് അവ‍ർക്ക് വെല്ലുവിളിയാണ്.

ദില്ലി: പരസ്പരം കൊന്നും കൊലവിളിച്ചും രണ്ട് കൊടും ക്രിമിനൽ സംഘങ്ങൾ നടത്തിയ അധോലോക യുദ്ധമാണ് ഉത്തര ദില്ലിയിലെ രോഹിണി കോടതിയിൽ ജിതേന്ദ്ര ഗോഗി എന്ന ഗോഗി വെടിയേറ്റു വീണതോടെ തീരുന്നത്. ക്രമസമാധാന പാലനത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ച ​ഗോ​ഗിയുടെ മരണം ഒരു തരത്തിൽ ദില്ലി പൊലീസിന് ആശ്വാസം നൽകുമെങ്കിലും ​ഗോ​ഗിയുടെ എതി‍രാളിയായ ടില്ലു ടാജ്പുരിയയുടെ ടില്ലും ​ഗ്യാം​ഗ് ഇനി കളം പിടിക്കാൻ ശ്രമിക്കുമെന്നത് അവ‍ർക്ക് വെല്ലുവിളിയാണ്. ജിതേന്ദ്ര‍ർ ​ഗോ​ഗിയുടെ ജീവനെടുത്ത ടില്ലു ​ഗ്യാം​ഗിനോട് പകരം ചോദിക്കാൻ ​ഗോ​ഗിയുടെ സംഘം ശ്രമിക്കുകയും ചെയ്യും. 

അഭിഭാഷക വേഷം ധരിച്ച് വടക്കൻ ദില്ലിയിലെ രോഹിണി ജില്ലാ സെഷൻസ് കോടതിയിൽ  എത്തിയ ടില്ലു ഗ്യാംഗിലെ രണ്ട് ക്രിമിനലുകളാണ് ജിതേന്ദ്ര ഗോഗിയെ ഇന്ന് വെടിവെച്ചു കൊന്നത്. കോടതി സമുച്ചയത്തിലെ രണ്ടാം നിലയിലുള്ള 201-മുറിയിൽ ഗോഗി പ്രതിയായ ഒരു കേസിൻ്റെ വിചാരണ നടക്കുന്നതിനിടെയാണ് അഭിഭാഷക വേഷം ധരിച്ച ഗുണ്ടകൾ അവിടെ എത്തിയതും ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയതും. കടുത്ത വധഭീഷണി നേരിടുന്ന ഗോഗിക്ക് അകമ്പടിയായി ഒപ്പമുണ്ടായിരുന്ന ദില്ലി സ്പെഷ്യൽ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പ്രത്യോക്രമണത്തിലാണ് അക്രമികളായ രണ്ട് പേർ കൊല്ലപ്പെടുന്നത്. സാരമായി പരിക്കേറ്റ ഗോഗിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണപ്പെട്ടിരുന്നു. ​​ഗോ​ഗി കൊല്ലപ്പെടുന്നതിന് അരമണിക്കൂ‍ർ മുൻപ് ഇതേ കോടതിയിൽ ടില്ലു ​ഗ്യാം​ഗിലെ പ്രധാനിയായ ജിതൻ മാനെ പൊലീസ് ഹാജരാക്കിയിരുന്നു. 

ജിതേന്ദ്ര ഗോഗി

2019-ലാണ് കൊടും കുറ്റവാളിയായ ഗോഗിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മക്കോക ചുമത്തി കോടതി റിമാൻഡ് ചെയ്ത ഗോഗിയെ കടുത്ത സുരക്ഷയിലും നിരീക്ഷണത്തിലുമാണ് ഇയാളെ പൊലീസ് തീഹാർ ജയിലിൽ പാർപ്പിച്ചിരുന്നത്. എന്നാൽ വിചാരണയ്ക്ക് വേണ്ടി ഗോഗിയെ കോടതിയിൽ എത്തിക്കുന്നുവെന്നറിഞ്ഞ ടില്ലു ഗ്യാംഗ് കോടതിക്ക് അകത്ത് വച്ച് ബദ്ധശത്രുവിനെ തീർക്കാൻ ഒരുമ്പെടുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. 

2018 ജൂണിൽ വടക്കൻ ദില്ലിയിലെ ബുരാരിയിലെ തിരക്കേറിയ റോഡിൽ വച്ച് പട്ടാപ്പകൽ ടില്ലു - ഗോഗി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരപരാധിയായ ഒരു സ്ത്രീയടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് ആ  സംഘർഷത്തിൽ പരിക്കേറ്റു. തിരക്കേറിയ തെരുവിലേക്ക് രണ്ട് വശത്ത് നിന്നും കാറുകളിലെത്തിയ സംഘങ്ങൾ കാറിനുള്ളിൽ ഇരുന്ന് കൊണ്ട് തന്നെ പരസ്പരം വെടിയുതിർക്കുകയായിരുന്നു.  ഈ ഏറ്റുമുട്ടലിൽ ടില്ലു ഗ്യാംഗിലെ രണ്ട് പേർ എതിർസംഘത്തിൻ്റെ വെടിയേറ്റു മരിച്ചിരുന്നു.  ഇവരെ കൂടാതെ അതു വഴി കടന്നു പോവുകയായിരുന്ന 37-കാരിയായ സ്ത്രീയും വെടിയേറ്റു മരിച്ചു. മൂന്ന് വ‍ർ‍ഷം രോഹിണി കോടതിയിലും ജൂണിൽ വടക്കൻ ദില്ലിയിലെ മറ്റൊരു തെരുവിൽ വച്ചും ടില്ലി - ​ഗോ​ഗി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. അനൗദ്യോ​ഗിക കണക്കുകൾ അനുസരിച്ച് ഇതുവരെ ഇരുവിഭാ​ഗത്തിലുമായി 25 പേരാണ് സംഘ‍ർഷങ്ങളിൽ കൊലപ്പെട്ടത്.

ടില്ലു ടാജ്പുരി

​ഗോ​ഗിയുടെ കഥ -

പഠനത്തിൽ വളരെ പിന്നോക്കാമായിരുന്ന ഗോഗി 2010-ൽ പിതാവിൻ്റെ മരണത്തിന് ശേഷമാണ് സ്ഥിരം കുറ്റവാളിയായി മാറുന്നത്. ഒരു വെടിവെപ്പ് കേസിൽ അറസ്റ്റിലായി ജയിലിലായ ഇയാൾ പുറത്തിറങ്ങിയ ശേഷമാണ് സ്വന്തമായി ഒരു ക്രിമിനൽ സംഘത്തെ വളർത്തിയെടുക്കാൻ തുടങ്ങിയത്. കൊലപാതകം, കവർച്ച, പണം തട്ടൽ തുടങ്ങി വിവിധ കുറ്റകൃത്യങ്ങൾ ഗോഗി ഗ്യാംഗ് സജീവമായിരുന്നു. ഹരിയാണയിലെ നാടൻ പാട്ട് കലാകാരൻ ഹർഷിദ ദാഹിയ,സ്കൂൾ ഉടമയും അധ്യാപകനുമായ ദീപക്ക് തുടങ്ങി നിരവധി പേരെ ഗോഗി സംഘം ഇക്കലായളവിൽ വക വരുത്തിയിട്ടുണ്ട്. 

വലിയ ഭീഷണി സൃഷ്ടിച്ച ഇയാളെ പാനിപ്പത്ത് പൊലീസ് 2016-ൽ അറസ്റ്റ് ചെയ്തെങ്കിലും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും വഴി ഇയാൾ രക്ഷപ്പെട്ടു.  ഒടുവിൽ 2019-ലാണ് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ പ്രത്യേക ഓപ്പറേഷനിലൂടെ ഇയാളേയും കൂട്ടാളിയായ കുൽദീപ് ഫസ്സയേയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ചിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷ്പപെടാനുള്ള ശ്രമത്തിനിടെ കുൽദീപിനെ പൊലീസ് വധിച്ചിരുന്നു.  
 

click me!