പൊന്തക്കാട്ടില്‍ ഒളിപ്പിച്ച് വച്ച നിലയിൽ ഈട്ടിമരങ്ങള്‍; കൊള്ളക്കാരെ സഹായിച്ച് ഉദ്യോഗസ്ഥര്‍ |Investigation

By Web TeamFirst Published Jun 23, 2021, 10:32 AM IST
Highlights

മക്കിയാനികുന്നിലെ പുരയിടത്തിൽ പത്തുലക്ഷത്തിലധികം രൂപയുടെ മരമാണ് മുറിച്ചിട്ടിരിക്കുന്നത്. സംരക്ഷിതമരം മുറിച്ചാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഇതുവരെ നടപടി തുടങ്ങിയിട്ടില്ല.

വയനാട്: വയനാട്ടില്‍ നഷ്ടമായ ഈട്ടിമരങ്ങളെല്ലാം പിടികൂടിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും മുട്ടില്‍ സൗത്ത് വില്ലേജില്‍ മാത്രം കൊള്ളക്കാര്‍ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ മരങ്ങള്‍. പൊന്തക്കാടുകള്‍ക്കിടയില്‍ ഒളിപ്പിച്ച മരങ്ങള്‍ പിടികൂടാനോ, മുറിച്ചതിന് കേസെടുക്കാനോ ഉദ്യോഗസ്ഥര്‍ ഇതുവരെ തയാറായിട്ടില്ല. 

മുട്ടിലില്‍ 106 ഈട്ടിതടികള്‍ മുറിച്ചുവെന്നാണ് വനംവകുപ്പിന്‍റെ കണ്ടെത്തല്‍. ആദിവാസികളും കര്‍ഷകരുമടക്കം 45 പേര്‍ക്കെതിരെ കേസെടുത്തു. നാലു മരങ്ങളൊഴികെ മറ്റെല്ലാം കുപ്പാടിയിലെ ഡിപ്പോയിലെത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിലുള്ളത്. എന്നാല്‍ വസ്തുത അതല്ലെന്ന് ദൃശ്യങ്ങൾ തന്നെ വ്യക്തമാക്കുന്നു. 

സ്ഥലം മക്കിയാനികുന്ന്. ഭൂപതിവ് ചട്ടപ്രകാരം ലഭിച്ച കൃഷിഭൂമി


ഈട്ടി മരങ്ങളിലധികവും വാങ്ങിയവര്‍ കാട്ടിനുള്ളിൽ ഒളിപിപ്പിച്ചിട്ടിരിക്കുന്നു. പരിശോധനക്കെത്തുന്നവര്‍ ഇതോന്നും കാണില്ല. ഇവിടെയും തുശ്ചമായ പണം നല്‍കി മരം കൊള്ളക്കാർ കർഷകരെ വഞ്ചിച്ചു

മക്കിയാനികുന്നിലെ മറ്റൊരു പുരയിടത്തിൽ പത്തുലക്ഷത്തിലധികം രൂപയുടെ മരമാണ് മുറിച്ചിട്ടിരിക്കുന്നത്. സംരക്ഷിതമരം മുറിച്ചാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഇതുവരെ നടപടി തുടങ്ങിയിട്ടില്ല. മുക്കം കുന്ന് സഹകരണ ബാങ്ക് ഓഫീസിന് എതിര്‍വശമുള്ള ഭൂമിയിലും ഇത് പോലെ മരം ഒളിപ്പിച്ചിട്ടുണ്ട്.

മക്കിയാനികുന്ന്, മുക്കം കുന്ന്, പാക്കം തുടങ്ങി ആറിലധികം സ്ഥലത്തുനിന്ന് കൂടി ഞങ്ങള്‍ക്ക് ഈട്ടി കണ്ടെത്തനായി. മൊത്തം 75 ലക്ഷത്തിലധികം രൂപയുടെ സര്‍ക്കാർ‍ സംരക്ഷിത മരം. എല്ലാം മുറിച്ചുമാറ്റിയിട്ട് അഞ്ചുമാസത്തിലധികമായിട്ടില്ല. 125 കുറ്റി മരം മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് തന്നെ മുറിച്ചിട്ടുണ്ടെന്ന് പ്രദേശവാസികള്‍ ഉറപ്പിക്കുന്നുണ്ട്. പക്ഷെ നിലവില്‍ കേസുള്ളത് 106 ഈട്ടി തടികള്‍ക്ക് മാത്രം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!