തിരൂർ കുട്ടികളുടെ മരണം: അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം

Web Desk   | Asianet News
Published : Feb 18, 2020, 06:51 PM ISTUpdated : Feb 18, 2020, 06:54 PM IST
തിരൂർ കുട്ടികളുടെ മരണം: അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം

Synopsis

റഫീഖ് - സബ്‍ന ദമ്പതികളുടെ വിവാഹം കഴിഞ്ഞത് 2010-ലാണ്. 2011 മുതൽ 2020 വരെ ഒമ്പത് വർഷത്തെ ഇടവേളകളിലാണ് മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും മരിക്കുന്നത്

മലപ്പുറം: തിരൂരിൽ ഒരു വീട്ടിൽ ആറ് കുട്ടികൾ ഒമ്പത് വർഷത്തിനിടെ മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിലെ പ്രാഥമിക നിഗമനം. ഏറ്റവുമൊടുവിൽ മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം ചെയ്തതിന് പിന്നാലെയാണ് ഇത്. അന്തിമ റിപ്പോർട്ട് ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കിട്ടിയ ശേഷം മാത്രമേ ലഭിക്കൂ.  ഇന്ന് പുലർച്ചെയാണ് ചെമ്പ്ര തറമ്മൽ റഫീഖ് - സബ്‍ന ദമ്പതികളുടെ 93 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത്.

കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നും മൂന്നാമത്തെ കുഞ്ഞിന്‍റെ പോസ്റ്റ്‍മോർട്ടം നടത്തിയിരുന്നുവെന്നും പിതൃസഹോദരി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇന്ന് പുലർച്ചെയോടെ മരിച്ച കുഞ്ഞിന്‍റെ സംസ്കാരച്ചടങ്ങുകൾ രാവിലെ പത്തരയോടെ തന്നെ നടത്തിയത് നാട്ടുകാരിൽ സംശയം ഉളവാക്കി. അയൽവാസികളടക്കമുള്ള ചിലരാണ് ദുരൂഹത ആരോപിച്ച് പൊലീസിനെ സമീപിച്ചത്. മരിച്ച കുട്ടികളുടെ രക്ഷിതാക്കളിലൊരാളുടെ ബന്ധുവാണ് പൊലീസിന് മൊഴി നൽകിയത്. 

റഫീഖ് - സബ്‍ന ദമ്പതികളുടെ വിവാഹം കഴിഞ്ഞത് 2010-ലാണ്. 2011 മുതൽ 2020 വരെ ഒമ്പത് വർഷത്തെ ഇടവേളകളിലാണ് മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും മരിക്കുന്നത്. ആറ് കുട്ടികൾ മരിച്ചതിൽ അഞ്ച് കുട്ടികളും ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് മരിക്കുന്നത്. ഒരു പെൺകുട്ടി മാത്രമാണ് നാലര വയസ്സുവരെ ജീവിച്ചിരുന്നത്.  മൂന്ന് മാസം, ആറ് മാസം, എട്ട് മാസം, 60 ദിവസം, 93 ദിവസം എന്നിങ്ങനെയാണ് മരിച്ച അഞ്ച് കുട്ടികളുടെ പ്രായം.

മരിച്ച വീടായതിനാൽ അച്ഛനമ്മമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല. പിന്നീട് രേഖപ്പെടുത്തണോ എന്ന കാര്യം പരിശോധിക്കും. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‍മോർട്ടം ചെയ്യും. മറ്റ് കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‍മോർട്ടം ചെയ്യണോ എന്ന കാര്യം പിന്നീടേ തീരുമാനിക്കൂ.  കിട്ടിയ പരാതിയിലും പ്രാഥമിക വിവരങ്ങളിലും വ്യക്തമായ ചിത്രങ്ങളോ തെളിവുകളോ ഇല്ലാത്തതിനാൽ ഇപ്പോൾ അഭ്യൂഹങ്ങൾ പരത്തരുതെന്നും മലപ്പുറം എസ്‍പി ആവശ്യപ്പെട്ടു. 

അതേസമയം, കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് മരിച്ച കുട്ടികളുടെ പിതൃസഹോദരി മാധ്യമങ്ങളോട് പറഞ്ഞത്. ''കുട്ടികളുടെ തുടർച്ചയായ മരണത്തിൽ ഞങ്ങൾക്കും ബുദ്ധിമുട്ട് തോന്നിയിരുന്നു. അന്ന് ഞങ്ങൾ ഡോക്ടർമാരോട് അങ്ങോട്ട് ആവശ്യപ്പെട്ട് പോസ്റ്റ്‍മോ‍ർട്ടം നടത്തണമെന്ന് പറഞ്ഞിരുന്നു. മൂന്നാമത്തെ കുഞ്ഞ് മരിച്ചപ്പോൾ പോസ്റ്റ്‍മോർട്ടം നടത്തിയതാണ്. അന്ന് ഒന്നും കണ്ടെത്തിയിരുന്നില്ല. ഡോക്ടർമാരോട് അങ്ങോട്ട് ആവശ്യപ്പെട്ടാണ് പോസ്റ്റ്‍മോർട്ടം നടത്തിയത്. മരിച്ച കുഞ്ഞുങ്ങൾക്കെല്ലാം അപസ്മാരമായിരുന്നു. ഒരു ദുരൂഹതയും ഞങ്ങൾ ബന്ധുക്കൾക്ക് കണ്ടെത്താനായിട്ടില്ല. ഇന്ന് മരിച്ച കുട്ടിയ്ക്കും അനാരോഗ്യമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടും സന്തോഷത്തോടെ ഇരുന്ന കുഞ്ഞാണ്. എന്ത് അന്വേഷണം നടത്തിയാലും സഹകരിക്കാൻ തയ്യാറാണ്'', അവർ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്
ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്