ചെന്നിത്തലയ്ക്കെതിരെ ഹരിപ്പാട് സിപിഐ ടി.ജെ. ആഞ്ചലോസിനെ ഇറക്കിയേക്കും

By Web TeamFirst Published Jan 20, 2021, 7:31 AM IST
Highlights

മുഖ്യമന്ത്രിയടക്കം ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടെന്നാണ് സൂചന. മാരാരിക്കുളം എംഎൽഎയും, ആലപ്പുഴ എംപിയുമൊക്കെയായിരുന്ന ആഞ്ചലോസിന് യുഡിഎഫിന്‍റെ അമരക്കാരനെ ഹരിപ്പാട് തളയ്ക്കാനാകുമെന്ന പ്രതീക്ഷ.

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഹരിപ്പാട് നിയോജകമണ്ഡലത്തിൽ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് സ്ഥാനാർത്ഥിയായേക്കും. മുഖ്യമന്ത്രി ഉൾപ്പെടെ എൽഡിഎഫ് നേതാക്കൾ ആഞ്ചലോസിന്‍റെ പേരിനാണ് മുൻതൂക്കം നൽകുന്നത്. ചേർത്തലയിൽ മന്ത്രി പി. തിലോത്തമന് പകരം യുവനേതാക്കൾ കളത്തിലിറങ്ങും.

തുടർഭരണത്തിനായി വിജയസാധ്യതയുള്ള നേതാക്കളെയെല്ലാം കളത്തിലറക്കുക. അതാണ് എൽഡിഎഫ് നയം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്, സിപിഐയുടെ സിറ്റിംഗ് സീറ്റാണ്. ഇത്തവണ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസിന്‍റെ പേരാണ് പാർട്ടി സംസ്ഥാന നേതൃത്വം ഇവിടെ സജീവമായി പരിഗണിക്കുന്നത്. 

മുഖ്യമന്ത്രിയടക്കം ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടെന്നാണ് സൂചന. മാരാരിക്കുളം എംഎൽഎയും, ആലപ്പുഴ എംപിയുമൊക്കെയായിരുന്ന ആഞ്ചലോസിന് യുഡിഎഫിന്‍റെ അമരക്കാരനെ ഹരിപ്പാട് തളയ്ക്കാനാകുമെന്ന പ്രതീക്ഷ.

രണ്ട് തവണ മത്സരിച്ചവർ മാറിനിൽക്കണം എന്ന നിബന്ധന സിപിഐ കർശനമായി നടപ്പാക്കിയാൽ ചേർത്തലയിൽ പി. തിലോത്തമന് പകരം പുതുമുഖം വരും. യുവാക്കൾക്ക് മുൻഗണന എന്ന നയം കൂടി പിന്തുടർന്നാൽ എഐവൈഎഫ് നേതാവ് ടി.ടി. ജിസ്മോന്‍റെ പേരിനാണ് മുൻതൂക്കം. സിപിഐ ജില്ലാ അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദിന്‍റെ പേരും പരിഗണിക്കുന്നുണ്ട്.

click me!