
കോഴിക്കോട്: ചെയർമാൻ ടി.കെ ഹംസയ്ക്കെതിരെ വഖഫ് ബോഡിൽ നടന്നത് ആസൂത്രിത നീക്കം. ടികെ ഹംസ യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന് കാട്ടി ജൂലൈ 18 ന് നോട്ടീസ് വായിച്ചത് മന്ത്രി അബ്ദുറഹ്മാന്റെ നിർദ്ദേശപ്രകാരമാണെന്നാണ് പുറത്തുവരുന്നത്. മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ടികെ ഹംസ ചെയർമാൻ സ്ഥാനം ഒഴിയുന്നതെന്നാണ് വിവരം. അതേസമയം, ഹംസയുടെ രാജി പ്രഖ്യാപനത്തിനിടെ വഖഫ് ബോർഡ് യോഗം ഇന്ന് കോഴിക്കോട്ട് നടക്കും. അതിനിടെ, വഖഫ് ബോർഡ് പുതിയ അധ്യക്ഷനെ കണ്ടെത്താൻ സർക്കാർ സമസ്തയുടെ നിർദ്ദേശം തേടും.
മന്ത്രിയുമായി പ്രശ്നങ്ങളില്ല, പ്രായാധിക്യം കൊണ്ടാണ് രാജി; ടികെ ഹംസ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനമൊഴിയുന്നു
വഖഫ് ബോർഡിൽ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനുമായി ടികെ ഹംസക്ക് ഭിന്നതകൾ ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന വഖഫ് ബോർഡ് യോഗത്തിൽ ചെയർമാൻ പങ്കെടുക്കുന്നില്ലെന്ന മിനുട്സുകൾ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. രാജിവെക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ സ്ഥാനമൊഴിയുമെന്ന സ്ഥിരീകരണം വരുന്നത്.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ടികെ ഹംസ രംഗത്തെത്തി. പ്രായാധിക്യം കാരണമാണ് രാജി എന്നാണ് ടികെ ഹംസ വിശദീകരിക്കുന്നത്. മന്ത്രി അബ്ദുറഹ്മാനുമായി ഭിന്നത ഇല്ലെന്നും എൺപത് വയസു കഴിഞ്ഞവർ പദവികളിൽ നിന്നും മാറി നിൽക്കണമെന്നാണ് പാർട്ടി നയമെന്നും ടികെ ഹംസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രായാധിക്യം കൊണ്ടാണ് സ്ഥാനമൊഴിയുന്നത്. സൗകര്യം ഉള്ള സമയത്ത് ഒഴിയാൻ പാർട്ടി പറഞ്ഞിരുന്നു. മന്ത്രിയുമായി പ്രശ്നങ്ങൾ ഇല്ല. അങ്ങനെ പറയുന്നവർ ശത്രുക്കളാണെന്നും മറ്റ് ചില ജോലികൾ ഉള്ളതിനാലാണ് രാജിയെന്നും ഹംസ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam