
തേനി: കേരളത്തിലെ ഹോട്ടലുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും മറ്റുമായി ശേഖരിച്ച മാലിന്യം തമിഴ്നാട്ടിൽ തള്ളാൻ ശ്രമിച്ച ട്രക്ക് പൊലീസ് പിടികൂടി. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. മുല്ലപ്പെരിയാർ നദിക്ക് സമീപം തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ മാലിന്യം തള്ളാൻ ശ്രമിക്കവെയാണ് തമിഴ്നാട് പൊലീസിന്റെ നടപടി. കേരള-തമിഴ്‌നാട് അതിർത്തിയിൽ ശനിയാഴ്ച ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ഊർജിത വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കൂടല്ലൂർ വെട്ടുകാട് സ്വദേശി വിവേക് (26) ആണ് അറസ്റ്റിലായത്.
കുമളി പോലീസ് ഇൻസ്പെക്ടർ വിജയപാണ്ഡ്യൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തേനി ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. പരിശോധനയ്ക്കിടെ ഒരു മിനി ട്രക്ക് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ, അതിൽ മാത്സവും, പച്ചക്കറി മാലിന്യവും നിറച്ച പത്തോളം പ്ലാസ്റ്റിക് ഡ്രമ്മുകൾ കണ്ടെത്തുകയായിരുന്നു. കേരളത്തിലെ ഇടുക്കി ജില്ലയിലെ ഭക്ഷണശാലകളിൽ നിന്നാണ് ഈ മാലിന്യം ശേഖരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മുല്ലപ്പെരിയാർ നദിക്ക് സമീപമുള്ള പെരിയവാർ വൈരവൻ ചെക്ക് ഡാമിനടുത്ത് മാലിന്യം ഉപേക്ഷിക്കാനാണ് ഡ്രൈവർ പദ്ധതിയിട്ടതെന്നാണ് വിവരം. ഈ ഭാഗങ്ങളിൽ ഇത്തരത്തിൽ പലതവണ മാലിന്യം തള്ളിയിരുന്നതായും പൊലീസ് കണ്ടെത്തി.
സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടായതിനെത്തുടർന്ന്, മാലിന്യ നിർമാർജനത്തിൽ കേരളം കർശനമായ നിയമങ്ങളും കനത്ത പിഴയും തടവുശിക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പിഴകൾ ഒഴിവാക്കുന്നതിനായി ചില ഹോട്ടലുടമകൾ വലിയ തുക നൽകി, അതിർത്തി കടന്ന് തമിഴ്‌നാട്ടിലെ തേനി ജില്ലയുൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിൽ ഭക്ഷ്യമാലിന്യം തള്ളാൻ ട്രാൻസ്‌പോർട്ടർമാരെ ഏർപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു. മാലിന്യം കടത്താൻ ഉപയോഗിച്ച വാഹനം പോലീസ് പിടിച്ചെടുക്കുകയും ഡ്രൈവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam