ഇന്ന് ഏറ്റവും കൂടുതൽ രോ​ഗികൾ തൃശ്ശൂരും മലപ്പുറത്തും; തൃശ്ശൂരിൽ അഞ്ച് ആരോ​ഗ്യപ്രവർത്തകർക്കും കൊവിഡ്

By Web TeamFirst Published Jun 12, 2020, 7:43 PM IST
Highlights

തൃശ്ശൂരിൽ രോ​ഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ആരോ​ഗ്യപ്രവർത്തകരാണ്. തൃശ്ശൂരിൽ നിലവിൽ 157 പേരാണ് ചികിത്സയിൽ കഴിയുന്നത്.

തിരുവനന്തപുരം: തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇരു ജില്ലകളിലും 14 പേർക്ക് വീതം പുതിയതായി രോ​ഗം സ്ഥിരീകരിച്ചു. തൃശ്ശൂരിൽ രോ​ഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ആരോ​ഗ്യപ്രവർത്തകരാണ്. തൃശ്ശൂരിൽ നിലവിൽ 157 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇപ്പോൾ ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം218 ആയി. 

മലപ്പുറത്ത് രോ​ഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക്  കൊവിഡ് 19  സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 177 ആയി. ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.  

എറണാകുളം ജില്ലയിൽ നാല് പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. ഇവരെല്ലാവരും വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. ഇടുക്കി ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ ഒന്നിന് അബുദാബിയില്‍ നിന്നും വിമാനമാര്‍ഗം എത്തിയ 35 കാരനായ കൊക്കയാര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം വണ്ടിപ്പെരിയാറില്‍ ക്വാറന്റൈന്‍ സെന്ററില്‍ ആയിരുന്നു.

കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് മൂന്നു പേർക്കാണ്. മൂന്നുപേരും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. രണ്ടു പേർ വിദേശത്ത് നിന്നും ഒരാൾ മുംബൈയിൽ നിന്നുമാണ് എത്തിയത്. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 6654 ആയി.

Read Also: കൊവിഡ് 19: കോഴിക്കോട് പുതുതായി 1468 പേര്‍ നിരീക്ഷണത്തില്‍...
 

click me!