Today’s News Headlines ജലപീരങ്കി പ്രയോഗം നിർത്തിവെയ്ക്കണമെന്ന് ആവശ്യം, വിജയുമായി സഖ്യമില്ലെന്ന് സിപിഎം, മാധ്യമങ്ങൾക്ക് നേരെ കണ്ണുരുട്ടി ട്രംപ്

Published : Sep 19, 2025, 07:15 AM IST
water cannon

Synopsis

ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞ വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം, അപകീർത്തികരമായ സൈബർ ആക്രമണത്തിനെതിരെ സിപിഎം നേതാക്കൾ നിയമ നടപടിയിലേക്ക് ഉൾപ്പെടെ ഇന്നറിയേണ്ട പ്രധാന വാർത്തകൾ

ആഗോള അയ്യപ്പ സംഗമം നാളെ നടക്കാനിരിക്കെ ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞത് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. അപകീർത്തികരമായ സൈബർ ആക്രമണത്തിനെതിരെ സിപിഎം നേതാവ് കെ ജെ ഷൈനും വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനും ഇന്ന് പരാതി നൽകും. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. ടിവികെ അധ്യക്ഷൻ വിജയുമായി സഖ്യത്തെ പറ്റി ആലോചിക്കുന്നില്ലെന്ന് തമിഴ്നാട് സിപിഎം വ്യക്തമാക്കി. ഇന്നറിയേണ്ട പ്രധാന വാർത്തകൾ ഇതാ...

സ്വർണപ്പാളിയിലെ തൂക്കവ്യത്യാസം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞെന്ന ആക്ഷേപവും അയ്യപ്പ സംഗമവും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ ഹൈക്കോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് നീക്കം. ഇന്നലെ കെ എസ് യു മാർച്ചിലുണ്ടായ സംഘർഷവും പ്രതിപക്ഷം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും. സ്ത്രീ - പുരുഷ തൊഴിലാളികളുടെ വേതന അന്തരം കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും ദേശീയപാത നിർമാണത്തിലെ അപാകതകളും ചോദ്യോത്തരവേളയിൽ ഉണ്ടാകും. വെള്ളിയാഴ്ച ആയതു കൊണ്ട് സ്വകാര്യ ബില്ലുകൾ ആണ് സഭയുടെ പരിഗണനയിൽ വരുന്നത്.

കെ ജെ ഷൈനും വൈപ്പിൻ എംഎൽഎയും ഇന്ന് പരാതി നൽകും

അപകീർത്തികരമായ സൈബർ ആക്രമണത്തിനെതിരെ സിപിഎം നേതാവ് കെ ജെ ഷൈനും വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനും ഇന്ന് നിയമ നടപടി സ്വീകരിച്ചേക്കും. എല്ലാ തെളിവുകളുമടക്കം മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നൽകാനാണ് തീരുമാനം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ മറച്ചു വയ്ക്കാൻ കോൺഗ്രസ് നടത്തിയ ഗൂഢാലോചനയെന്നാണ് വിഷയത്തിൽ സിപിഎമ്മിന്‍റെ നിലപാട്. ഇരുവരേയും പിന്തുണച്ച് സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാൽ പ്രചാരണത്തിൽ കോൺഗ്രസിന് പങ്കില്ലെന്നും സിപിഎമ്മിന്‍റെ ഉൾപ്പാർട്ടി പ്രശ്നം കോൺഗ്രസിന്‍റെ തലയിൽ കെട്ടിവയ്ക്കേണ്ടന്നുമാണ് ഡിസിസി പ്രസി‍ഡന്‍റിന്‍റെ നിലപാട്.

രാഹുലും സോണിയയും ഇന്ന് വയനാട്ടിൽ

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. ഇരുവരും സ്വകാര്യ സന്ദർശനത്തിനാണ് എത്തുന്നതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പര്യടനം തുടരുന്നതിനിടെയാണ് ഇരുവരും വയനാട്ടിലെത്തുന്നത്. ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമാണെങ്കിലും നേതാക്കളെ കാണുമെന്നാണ് വിവരം.

വിജയുമായി സഖ്യം ആലോചിക്കുന്നില്ലെന്ന് സിപിഎം

ടിവികെ അധ്യക്ഷൻ വിജയുമായി സഖ്യത്തെ പറ്റി ആലോചിക്കുന്നില്ലെന്ന് തമിഴ്നാട് സിപിഎം. ബിജെപിയെ വിമർശിച്ചെന്ന പേരിൽ സഖ്യം ചേരാനാവില്ല. വിവിധ വിഷയങ്ങളിൽ വിജയുടെ രാഷ്ട്രീയ നിലപാട് അറിയണമെന്നും സംസ്ഥാന സെക്രട്ടറി പി.ഷണ്മുഖം. പണത്തിന് വേണ്ടിയല്ല രാഷ്ട്രീയമെന്ന പ്രസ്താവന ചരിത്രമറിയാതെ എന്നും വിമർശനം. ആവശ്യത്തിലേറെ പണം കണ്ട താൻ, പണത്തിനു വേണ്ടിയല്ല രാഷ്ട്രീയത്തിൽ എത്തിയതെന്ന വിജയ് യുടെ അവകാശവാദം അപഹാസ്യമെന്നാണ് സിപിഎം വാദം. ജനസേവനത്തിനിറങ്ങി, ഉണ്ടായിരുന്ന സ്വത്ത് കൂടി നഷ്ടമാക്കിയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നാട്ടിൽ ഇങ്ങനെയൊന്നും പറയരുതെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അമീബിക് മസ്തിഷ്‌കജ്വരം: ജലപീരങ്കി പ്രയോഗം നിർത്തിവെയ്ക്കണമെന്ന് ആവശ്യം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോൾ സമരങ്ങളിൽ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിർത്തിവെക്കണമെന്ന ആവശ്യം ശക്തം. പീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു. ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്‍റെ ശുദ്ധി ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും കൊച്ചി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സല്‍മാന്‍ പരാതി നല്‍കി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തുടനീളം നിരവധി സംഘടനകളുടെ പ്രതിഷേധ പ്രകടനം നടക്കുന്നുണ്ട്. സമരക്കാർ അതിരുകടക്കുമ്പോൾ ജലപീരങ്കിയാണ് പൊലീസിൻ്റെ പ്രധാന പ്രതിരോധ മാർഗം. ശക്തമായി വെള്ളം ചീറ്റുമ്പോൾ മൂക്കിൽ ക്കൂടി ഇത് കയറാനുള്ള സാധ്യത കൂടുതലാണ്. പൊലീസ് ക്യാമ്പുകളിലെ കുളങ്ങളിൽ നിന്നും കിണറുകളിൽ നിന്നുമാണ് പീരങ്കിയിലേക്ക് സാധാരണ വെള്ളം നിറയ്ക്കുക. അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാകുമ്പോൾ സമരക്കാരെ നേരിടാൻ ചെളിവെള്ളം നിറയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

മാധ്യമങ്ങൾ ജാഗ്രതൈ: ട്രംപ്

തനിക്കെതിരെ നിരന്തരം വാർത്തകൾ നൽകുന്നവർ കരുതിയിരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലൈസൻസ് നഷ്ടപ്പെടുന്നതടക്കം കടുത്ത നടപടികളുണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ചാർലി കിർക്കിന്റെ കൊലപാതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കു പിന്നാലെ പ്രശസ്ത അവതാരകൻ ജിമ്മി കിമ്മലിന്റെ ടോക് ഷോ നിർത്തലാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ മുന്നറിയിപ്പ്. 97 ശതമാനം മാധ്യമങ്ങളും തനിക്കെതിരാണ്, മോശം പബ്ലിസിയാണ് തനിക്ക് മാധ്യമങ്ങൾ തരുന്നത്, അവർക്കെതിരെ എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്ന് ട്രംപ് പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പലനാൾ കള്ളൻ, ഒരു നാൾ പിടിയിൽ; തിരൂർ മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഏജൻ്റുമാരും ചേർന്ന് നടത്തിയ വൻ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; മുൻ എംഎൽഎയും ഭാര്യയും പട്ടികയി‌ലില്ല, സംസ്ഥാനത്ത് 24.08 ലക്ഷം പേർ ‌പുറത്ത്