
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റ സ്വർണ്ണപ്പാളി വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകാളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സ്വർണം പൂശാനെന്ന പേരിൽ ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിൽ എത്തിച്ചത് സന്നിധാനത്തുനിന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയ സ്വർണപ്പാളികളെല്ലെന്നാണ് അവസാനം പുറത്ത് വരുന്ന വിവരം. ശബരിമലയിലെ ദ്വാരപാലക ശില്പത്തിൽ പൂശാനായി യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ആവശ്യത്തിലധികം സ്വർണം കരുതിയിരുന്നുവെന്ന് മുൻ ചീഫ് എഞ്ചിനിയർ രവികുമാർ പറയുന്നത്. ഗാസയിൽ ട്രംപ് പ്രഖ്യാപിച്ച സമാധാന പദ്ധതി ഭാഗീകമായി അംഗീകരിച്ച് ഹമാസ്, കരൂരിലെ ദുരന്തത്തിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഇന്ന് നടപടി തുടങ്ങും, തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്- ഇന്നത്തെ പ്രധാന സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ അറിയാം
ഗാസ വെടി നിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. ബന്ദികളെ പൂർണ്ണമായി കൈമാറാൻ ഹമാസ് സന്നദ്ധത അറിയിച്ചു. മധ്യസ്ഥ ചച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും അറിയിച്ചു.
തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന തിരുവോണം ബമ്പറിന്‍റെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ്. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് നറുക്കെടുക്കുന്നത്. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. 500 രൂപ വിലയുള്ള ടിക്കറ്റിന് ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. 12 കോടി രൂപയാണ് പൂജാ ബമ്പറിന്‍റെ ഒന്നാം സമ്മാനം.
`മലയാളം വാനോളം, ലാൽസലാം’
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിന് നാടിന്‍റെ ആദരം. മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി ഇന്ന് തലസ്ഥാനത്ത് നടക്കും. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് ചോദ്യം ചെയ്യില്ല
ശബരിമല വിവാദത്തിൽ, ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യാൻ ഇടയില്ല. രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്തെ വീട്ടിൽ എത്തിയ ഉണ്ണിക്കൃഷ്ണന് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരത്തും ബെംഗളരുവിലുമായി രണ്ടുതവണ പോറ്റിയെ ചോദ്യം ചെയ്തു കഴിഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യം വന്നാൽ പിന്നീട് വിളിപ്പിക്കും എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതെ സമയം, സ്വർണം പൂശലുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ തുടരുന്നുണ്ട്.
ഒൻപത് വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ അന്വേഷണം
പാലക്കാട് പല്ലശ്ശന സ്വദേശി ഒൻപത് വയസുകാരി വിനോദിനിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണം ആരംഭിച്ചു. അന്വേഷണ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡയറക്ടർ കുട്ടിയെ ചികിത്സിച്ച പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയെടുക്കും. കുട്ടിയുടെ മാതാപിതാക്കളോടും വിവരങ്ങൾ ചോദിച്ചറിയും. കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരിൽ നിന്നും ഡയറക്ടർ ഇതിനോടകം വിവരങ്ങൾ തേടിയിട്ടുണ്ട്.
രണ്ടു വിവരങ്ങളും പൊരുത്തപ്പെട്ട് പോകുന്നുണ്ടോയെന്ന് പരിശോധിക്കും. ധമനികളിലെ രക്തം കട്ടപിടിക്കൽ, മാസ് എഫക്റ്റ് എന്നിവയാണ് കാരണമെന്നാണ് ഡിഎംഒയുടെ പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പൊലീസിലും പരാതി നൽകിയേക്കും
ജെസി സാമിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന്
തൊടുപുഴയ്ക്കടുത്ത് കരിമണ്ണൂരിൽ കൊക്കയിൽ നിന്ന് കണ്ടെത്തിയ കാണക്കാരി സ്വദേശി ജെസി സാമിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം. ഇന്നലെ ഇൻ്ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൊലപാതക കേസിൽ അറസ്റ്റിലായ ജെസിയുടെ ഭർത്താവ് സാം കെ ജോർജിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലും ഇന്ന് പ്രതിയെ ചോദ്യം ചെയ്യും. ജെസിയുടെ തിരോധാനത്തിന് പിന്നാലെ സാം കെ ജോർജിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. പ്രതിയുടെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു സാം നൽകിയ മൊഴി.