Today’s News Headlines: പേരാമ്പ്രയിൽ ഷാഫി പറമ്പിലിന് പരിക്ക്, മുനമ്പത്തെ ഭൂമിയിൽ സുപ്രധാന വിധി, സമാധാന നോബേൽ പ്രഖ്യാപിച്ചു

Published : Oct 10, 2025, 09:47 PM IST
Shafi Parambil

Synopsis

ശബരിമലയിൽ നിന്ന് അരക്കിലോ സ്വർണം തട്ടിയെടുത്തതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. കോഴിക്കോട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ ഷാഫി പറമ്പിൽ എം.പിക്ക് പരിക്കേറ്റു, അതേസമയം മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് ഹൈക്കോടതി വിധിച്ചു.  

ഏറെ വാർത്തകളാൽ സമ്പന്നമായ ഒരു ദിനം കൂടി അവസാനിക്കുമ്പോൾ, ഇന്ന് (ഒക്ടോബർ 9) നിരവധി സംഭവവികാസങ്ങളാണ് ഉണ്ടായത്. സമാധാന നോബേൽ പ്രഖ്യാപിച്ചതും ശബരിമല സ്വര്‍ണ മോഷണ കേസിലെ പുതിയ വിവരങ്ങളു മുനമ്പത്തെ സുപ്രധാന ഹൈക്കോടതി വിധിയുമടക്കം കേരളത്തിൽ നിന്നും രാജ്യത്തുനിന്നും ലോകത്തുനിന്നും അറിഞ്ഞിരിക്കേണ്ട പ്രധാന സംഭവങ്ങൾ ഇതാ:

പേരാമ്പ്രയിൽ യു.ഡി.എഫ്.-സി.പി.എം. സംഘർഷം; ഷാഫി പറമ്പിൽ എം.പി.ക്ക് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ യു.ഡി.എഫ്. – സി.പി.എം. പ്രകടനങ്ങൾക്കിടെ വൻ സംഘർഷം. പോലീസ് ലാത്തിച്ചാർജിനിടെ ഷാഫി പറമ്പിൽ എം.പി.ക്ക് പരിക്കേറ്റു. നിരവധി യു.ഡി.എഫ്. പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സി.കെ.ജി. കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ കോൺഗ്രസ് വ്യാപക പ്രതിഷേധം അറിയിച്ചു.

ഉണ്ണികൃഷ്ണൻ പോറ്റി അരക്കിലോ സ്വർണം തട്ടിയെടുത്തതായി ദേവസ്വം വിജിലൻസ്

ശബരിമലയിൽ നിന്ന് അരക്കിലോയോളം സ്വർണം സ്മാർട്ട് ക്രിയേഷൻസ് കമ്പനിയുമായി ചേർന്ന് ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്തതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ഉദ്യോഗസ്ഥ ഗൂഢാലോചന അടക്കം എല്ലാം വിശദമായി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കൂടുതൽ ദേവസ്വം ജീവനക്കാരിലേക്ക് അന്വേഷണം നീളും. കട്ടിള കടത്തിൽ പ്രത്യേകം കേസെടുക്കും. കുറ്റം ചെയ്തവരെല്ലാം കുടുങ്ങുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

ശബരിമലയിലെ യോഗദണ്ഡ് സ്വർണം പൂശിയതിൽ ദുരൂഹത

ശബരിമലയിലെ യോഗദണ്ഡും രുദ്രാക്ഷമാലയും 2019-ൽ സ്വർണം പൊതിഞ്ഞതിലും ദുരൂഹത. കോടതിയെ അറിയിക്കാതെയുള്ള അറ്റകുറ്റപ്പണി നടത്തിയത് മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാറിൻ്റെ മകൻ ജയശങ്കറാണ്. തന്ത്രി പറഞ്ഞിട്ടാണ് ഇതെന്നായിരുന്നു പദ്മകുമാറിൻ്റെ വിശദീകരണം. എന്ത് നടപടിക്രമമാണ് പാലിക്കുന്നതെന്ന ചോദ്യമുയർത്തി പ്രതിപക്ഷം രംഗത്തെത്തി. സർക്കാർ ആരെയും സംരക്ഷിക്കില്ലെന്ന് ദേവസ്വം മന്ത്രി അറിയിച്ചു.

മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് ഹൈക്കോടതി

മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് ഹൈക്കോടതി വിധിച്ചു. സ്ഥലം ഏറ്റെടുത്ത വഖഫ് ബോർഡിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ജുഡീഷ്യൽ കമ്മീഷന് തുടരാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇത് പോരാട്ടത്തിന്റെ വിജയമെന്ന് സമരസമിതി പ്രതികരിച്ചു. ഹൈക്കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ വഖഫ് സംരക്ഷണ സമിതി തീരുമാനിച്ചു.

വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരീയ കൊറീന മചാഡോയ്ക്ക് സമാധാന നൊബേൽ

വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരീയ കൊറീന മചാഡോയ്ക്ക് സമാധാന നൊബേൽ സമ്മാനം ലഭിച്ചു. ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് നൊബേൽ സമിതി അറിയിച്ചു. മദുറോ സർക്കാരിൻ്റെ പ്രതികാരം ഭയന്ന് ഒളിവിൽ കഴിയുന്നതിനിടെയാണ് 'ഉരുക്ക് വനിത'യെ തേടി പുരസ്കാരം എത്തുന്നത്. പുരസ്കാരം ട്രംപിനും വെനസ്വേലൻ ജനതയ്ക്കുമായി മചാഡോ സമർപ്പിച്ചു. ട്രംപിന് പുരസ്‌കാരം നൽകാത്തതിൽ വൈറ്റ് ഹൗസ് അതൃപ്തി പരസ്യമാക്കി.

ഇ.ഡി. പരിശോധന സ്വർണപ്പാളി വിവാദം മുക്കാനെന്ന് സംശയം

താരങ്ങളുടെ വീട്ടിലെ ഇ.ഡി. പരിശോധനയ്‌ക്കെതിരെ വിചിത്രവാദവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. കേന്ദ്ര ഏജൻസിയുടെ നടപടി സ്വർണപ്പാളി വിവാദം മുക്കാനാണ് എന്ന് തനിക്ക് സംശയമുണ്ടെന്ന് അദ്ദേഹം ഒരു സംവാദത്തിൽ പറഞ്ഞു. ഇതിനെ 'നോൺസെൻസ്' എന്ന് നടൻ ദേവൻ പ്രതികരിച്ചു. ഭൂട്ടാൻ കാർ കള്ളക്കടത്തിൽ കോയമ്പത്തൂരിന് പിന്നാലെ ഡൽഹിയിലെ ഇടനിലക്കാരെ കേന്ദ്രീകരിച്ചും ഇ.ഡി. അന്വേഷണം വ്യാപിപ്പിച്ചു.

പ്രധാനമന്ത്രിയെ വീണ്ടും കണ്ട് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

വയനാട് പുനരധിവാസ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും നേരിൽ കണ്ട് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം നൽകാമെന്ന് ഏറ്റ 2,221 കോടി രൂപ വായ്പയാക്കാതെ ഗ്രാൻഡായി തന്നെ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എയിംസ് വിഷയവും കടമെടുപ്പിന് ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തുമാറ്റുന്ന കാര്യവും ചർച്ചയായി.

ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നു; സേനാ പിന്മാറ്റം തുടങ്ങി

ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നതായി ഇസ്രായേൽ അറിയിച്ചു. ഇസ്രായേൽ സേനാ പിന്മാറ്റം ആരംഭിച്ചു. ബന്ദികളെ ഹമാസ് തിങ്കളാഴ്ചയോടെ മോചിപ്പിക്കും. ട്രംപിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് നെതന്യാഹു. സർവ്വവും നശിച്ച ഇടങ്ങളിലേക്ക് പലസ്തീനികൾ മടങ്ങിത്തുടങ്ങി.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ അപ്രതീക്ഷിത വഴിത്തിരിവ്; നിര്‍ണായകമായത് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തൽ
'രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം, സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള തന്ത്രം': വി ഡി സതീശൻ