
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസിന്‍റെ സത്യം വൈകാതെ തെളിയുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ആശ്രമം സന്ദർശിച്ച ശേഷം സന്ദീപാനന്ദ ഗിരിയുടെ മൊഴിയും രേഖപ്പെടുത്തി. സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് കാട്ടി സന്ദീപാനന്ദഗിരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിക്ക് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിൽ ആക്രമണം നടന്നത്.
ആക്രമണത്തില്‍ ആശ്രമത്തിന്‍റെ പോർച്ചും രണ്ട് കാറും ഒരു ബൈക്കും കത്തി നശിച്ചിരുന്നു. കൂടാതെ ആശ്രമത്തിന് മുന്നിൽ റീത്തും വെച്ചിരുന്നു. ആശ്രമത്തിന്‍റെ ആറ് കിലോമീറ്റർ പരിധിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സന്ദീപാനന്ദഗിരിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശിന്‍റെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ശബരിമല വിവാദത്തിന് മുൻപ് തന്നെ സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് എതിര്‍പ്പുണ്ടായിരുന്നെന്നും ഇത്തരം കാര്യങ്ങള്‍ക്കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിലും നടപടി ആയിരുന്നില്ല. ദൃക്സാക്ഷി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അക്രമിയുടെ രേഖാചിത്രം തയ്യാറാക്കിയെങ്കിലും പൊലീസ് ഇത് പൂഴ്ത്തിയെന്ന ആരോപണവും ഇതിനിടെ ഉയർന്നു.
സംഭവം നടന്ന് ഒരു കൊല്ലം പിന്നിടുമ്പോഴും പൊലീസ് ഈ രേഖാചിത്രം പുറത്തു വിട്ടിട്ടില്ല. അന്വേഷണത്തിൽ വ്യക്തമായ തെളിവൊന്നും ലഭിച്ചില്ലെന്നതാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയെന്ന പരാതിയുമായി സ്വാമി സന്ദീപാനന്ദഗിരി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam