
കൊച്ചി: സോൺടയ്ക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചതിൻ്റെ പേരിൽ സിപിഎം ഭയപ്പെടുത്തുന്നുവെന്ന് മുൻ കൊച്ചി മേയര്‍ ടോണി ചമ്മണി. സമൂഹമാധ്യമങ്ങളിലൂടെ തന്നെ ഭയപ്പെടുത്താനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. എന്നാൽ തന്നെ ഭയപ്പെടുത്തി പിന്മാറ്റാനാവില്ലെന്നും ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും ടോണി ചമ്മണി പറഞ്ഞു. മുൻപും ഇതേ വിഷയത്തിൽ ആരോപണം ഉന്നയിച്ചപ്പോൾ സോണ്‍ട തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും മുൻ മേയര്‍ പറയുന്നു.
മുൻ എം.ഡി രാജ്കുമാര്‍ ചെല്ലപ്പനാണ് ഒരു ഇടനിലക്കാരൻ വഴി തന്നെ അന്ന് സമീപിച്ചത്. മലബാര്‍ മേഖലയിലെ ഒരു സിനിമ നിര്‍മ്മാതാവായിരുന്നു ഇടനിലക്കാരനെന്നും അദ്ദേഹം പറയുന്നു. 2011 മുതലല്ല 2008 മുതൽ കൊച്ചി കോര്‍പ്പറേഷൻ ഈ വിഷയത്തിൽ നടത്തുന്ന ഇടപെടൽ എന്താണെന്ന് പരിശോധിക്കണം. ബ്രഹ്മപുരം പ്ലാൻ്റിനുള്ള ഇടപെടൽ തുടങ്ങിയത് 2008-ലാണ്. അന്ന് കോർപ്പറേഷൻ ഭരിച്ചത് സിപിഎം ഭരണ സമിതിയായിരുന്നു. സോണ്‍ടയുടെ എതിരാളിയായ കമ്പനിയുടെ ഉടമ തൻ്റെ ബന്ധുവാണെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് സിപിഎം ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചത് ഏതു തരത്തിലുള്ള ബന്ധമാണ് ആ കമ്പനിയുമായി തനിക്കുള്ളതെന്ന് സിപിഎം തന്നെ പറയണം.
ഇക്കാര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം ഇല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ടോണി ചമ്മണി പറഞ്ഞു. കൊച്ചി കോർപ്പറേഷൻ ഓഫീസിലെ സംഘർഷത്തിൽ കൗൺസിൽ യോഗത്തിനെത്തിയവരെയാണ് പൊലീസ് മർദിച്ചത്. ഇത് ഭരണഘടന ലംഘനമാണ്. ഉത്തരവാദികളായ പൊലീസ് എ.സിയ്ക്കും ഉദ്യോഗസ്ഥർക്കും എതിരെ നടപടിയെടുക്കണം. ഇക്കാര്യത്തിൽ വനിത കമ്മീഷനടക്കം പരാതി നൽകുമെന്ന് ടോണി ചമ്മണി പറഞ്ഞു.