ഭാഗ്യശാലി കാണാമറയത്ത്, വികാരാധീനനായി മോഹൻലാൽ, ചുമ മരുന്നിന് നിരോധനം; ഇന്നറിയാൻ

Published : Oct 04, 2025, 09:12 PM IST
 today’s News Roundup

Synopsis

ഓണം ബംപർ ഫലം, മോഹൻലാലിന് ആദരം, പരാതി ഉയർന്ന കഫ് സിറപ്പിന് നിരോധനം, സ്വർണപാളിയിലെ ദുരൂഹത, രണ്ടര ദിവസം ബാക്കി നില്‍ക്കെ വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ ഉൾപ്പെടെ ഇന്നത്തെ പ്രധാന വാർത്തകൾ.

25 കോടിയുടെ ഓണം ബംപറിനായുള്ള കാത്തിരിപ്പിന് ഇന്ന് അറുതിയായി. എറണാകുളം നെട്ടൂരിൽ വിറ്റ ടിക്കറ്റിനാണ് എന്നത് മാത്രമേ നിലവിൽ അറിയൂ. ഭാഗ്യശാലി ആരെന്ന് വ്യക്തമായിട്ടില്ല. ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നേടി മലയാളത്തിന്‍റെ അഭിമാനമുയർത്തിയ മോഹൻലാലിന് സംസ്ഥാന സർക്കാർ ആദരമൊരുക്കി എന്നതാണ് മറ്റൊരു പ്രധാന വാർത്ത. ശബരിമല സ്വർണപാളിയിലെ പുതിയ വെളിപ്പെടുത്തൽ, കോൾഡ്രിഫ് കഫ് സിറപ്പിന് നിരോധനം, ട്രംപിന്‍റെ സമാധാന പദ്ധതി ഹമാസ് ഭാഗികമായി അംഗീകരിച്ചു ഉൾപ്പെടെ ഇന്നറിയേണ്ട പ്രധാന വാർത്തകൾ ഇതാ…

മോഹൻലാലിന് സംസ്ഥാന സർക്കാരിന്‍റെ ആദരം

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചു. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ട പരിപാടിയിലായിരുന്നു ആദരം. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നതെന്നും മലയാള സിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടമാണ് ഇതെന്നും ശതാബ്ദിയോട് അടുത്ത മലയാള സിനിമയിൽ അരനൂറ്റാണ്ടോളമായി മോഹൻലാൽ നിറഞ്ഞാടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കാഴ്ചക്കാരില്ലെങ്കിൽ കലാകാരന്മാർ ഇല്ലെന്നും തനിക്ക് ലഭിച്ച എല്ലാ പുരസ്കാരവും മലയാളികൾക്കുള്ളതാണെന്നും മറുപടി പ്രസംഗത്തിൽ മോഹൻലാൽ പറഞ്ഞു. ഇത് താൻ വളർന്ന മണ്ണാണ്. വൈകാരിക ഭാരം മറച്ചുവയ്ക്കാൻ തന്റെ അഭിനയ ശേഷിക്ക് ആകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണം ബംപർ ഭാഗ്യശാലി കാണാമറയത്ത്

25 കോടിയുടെ ഓണം ബംപർ ലോട്ടറിയടിച്ച ഭാഗ്യശാലിയെ തേടി കേരളം. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത് എറണാകുളം നെട്ടൂരില്‍ നിന്നാണെന്ന് കണ്ടെത്തിയെങ്കിലും ഭാഗ്യശാലിയിപ്പോഴും കാണാമറയത്താണ്. TH 577825- ഇതാണ് ഭാഗ്യ നമ്പര്‍. ഭഗവതി ഏജന്‍സിസീസിന്‍റെ കൊച്ചി വൈറ്റില ശാഖയില്‍ നിന്ന് നെട്ടൂരുകാരന്‍ ലതീഷ് എന്ന ഏജന്‍റ് എടുത്ത ടിക്കറ്റ്. ഇന്നലെ വൈകിട്ടെത്തിച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. പക്ഷേ ആരാണ് ടിക്കറ്റെടുത്തതെന്ന് തനിക്കോര്‍മയില്ലെന്ന് ലതീഷ്. ലതീഷ് വിറ്റ കാരുണ്യ ലോട്ടറി ടിക്കറ്റിന് ഇക്കഴിഞ്ഞ ജൂലൈയില്‍ ഒരു കോടിയുടെ സമ്മാനമടിച്ചിരുന്നു. സാധാരണക്കാരായ തൊഴിലാളികളും ഇതര സംസ്ഥാനക്കാരുമാണ് ലതീഷിന്‍റെ കടയില്‍ നിന്ന് ടിക്കറ്റെടുക്കുന്നവരിൽ ഏറെയും.

സ്വർണപാളിയിൽ ദുരൂഹത കനക്കുന്നു

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപാളിയിൽ ദുരൂഹത വ‍ർദ്ധിക്കുന്നു. 1998ൽ വിജയമല്യ നൽകിയ 30 കിലോ സ്വർണം കൊണ്ട് ദ്വാരപാലക ശിൽപ്പത്തിലും സ്വര്‍ണം പൊതി‍ഞ്ഞതായി ദേവസ്വം വിജിലൻസും മുൻ ചീഫ് എഞ്ചിനീയറും വെളിപ്പെടുത്തി. 24 കാരറ്റ് സ്വര്‍ണമാണ് പൊതിഞ്ഞതെന്ന് മല്യ കരാര്‍ ഏൽപിച്ച കമ്പനി ഉടമയുടെ മകൻ പറഞ്ഞു. എന്നാൽ 2019 ൽ തനിക്ക് കൈമാറിയത് സ്വര്‍ണ നിറത്തിലുള്ള പെയിന്‍റടിച്ച ചെമ്പുപാളിയെന്ന് സ്പോണ്‍സറായ ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. 1999 ൽ ദ്വാരപാലക ശിൽപത്തിൽ പൊതിഞ്ഞ സ്വര്‍ണം 2019 ൽ ദേവസ്വം രേഖകളിൽ ചെമ്പായത് എങ്ങനെയെന്ന ചോദ്യം ഉയരുമ്പോഴാണ് ദുരൂഹത ശക്തമാക്കി കൂടുതൽ വെളിപ്പടുത്തലുകളും രേഖകളും പുറത്തു വരുന്നത്. സ്വര്‍ണപാളി വിവാദത്തിൽ ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും രാജി വെയ്ക്കണമെന്ന് യുഡിഎഫും ബിജെപിയും ആവശ്യപ്പെട്ടു.

ചുമ മരുന്നിന് കേരളത്തിലും നിരോധനം

ചുമ മരുന്ന് കഴിച്ച് രാജസ്ഥാനിൽ മൂന്നും മധ്യപ്രദേശിൽ ഒൻപതും കുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണം തമിഴ്നാട് ആസ്ഥാനമായ സ്ഥാപനത്തിലേക്ക്. കാഞ്ചീപുരത്തെ സ്ഥാപനം പുറത്തിറക്കിയ കോൾഡ്രിഫ് കഫ് സിറപ്പിൽ അനുവദനീയമായതിലും കൂടുതൽ വിഷാംശമുള്ള രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ മരുന്ന് നിരോധിച്ചു. രണ്ട് വയസ് വരെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നും മറ്റ് കുട്ടികൾക്ക് മരുന്ന് നൽകുന്നതിൽ കർശന ജാ​ഗ്രത വേണമെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കുമായി മാർ​ഗനിർദേശം പുറത്തിറക്കി.

ട്രംപിന്‍റെ സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ്

ഗാസയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ്. മുഴുവൻ ബന്ദികളെയും കൈമാറാമെന്നും പകരം യുദ്ധമവസാനിപ്പിച്ച് ഇസ്രയേൽ പൂർണമായി പിൻവാങ്ങണമെന്നുമാണ് ഹമാസ് നിലപാടറിയിച്ചിരിക്കുന്നത്. ഹമാസ് നിലപാട് ട്രംപ് സ്വാഗതം ചെയ്തു. തിങ്കളാഴ്ച്ച ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വീണ്ടും വൈറ്റ്ഹൗസിലെത്തും. മറ്റു തടസ്സങ്ങളില്ലെങ്കിൽ വെടിനിർത്തൽ ഉടൻ നിലവിൽ വരും. പലസ്തീനികളുടെ അംഗീകാരവും അറബ് - ഇസ്ലാമിക് രാഷ്ട്രങ്ങളുടെ പിന്തുണയമുള്ള സ്വതന്ത്ര പലസ്തീൻ സമിതി ഇടക്കാല ഭരണത്തിൽ വരട്ടെയെന്നാണ് ഹമാസിന്‍റെ നിലപാട്. പലസ്തീൻ രാഷ്ട്രമെന്ന ചട്ടക്കൂടിനുള്ളിൽ നിന്ന് ഗാസയുടെ ഭാവി സംബന്ധിച്ച ചർച്ചകളിൽ ഹമാസ് കൂടി ഭാഗമായിരിക്കുമെന്നും പ്രസ്താവനയിലുണ്ട്.

രണ്ടര ദിവസം ബാക്കി നില്‍ക്കെ വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. ഇന്ത്യ ഇന്നിംഗ്സിനും 140 റൺസിനും വെസ്റ്റ് ഇൻഡീസിനെ തകർത്തു. ഇന്ത്യ അഞ്ച് വിക്കറ്റിന് 448 റൺസെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 286 റൺസ് ലീഡ് വഴങ്ങിയ വിൻഡീസ് രണ്ടാം ഇന്നിംഗ്സിൽ 146 റൺസിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് സിറാജുമാണ് വിൻഡീസിനെ തകർത്തത്. കുൽദീപ് യാദവ് രണ്ടും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി. രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. രണ്ടര ദിവസം ബാക്കിനിൽക്കേയാണ് ഇന്ത്യയുടെ തകർപ്പൻ വിജയം. ദില്ലിയിൽ വെള്ളിയാഴ്ചയാണ് രണ്ടാം ടെസ്റ്റിന് തുടക്കമാവുക.

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി