Kerala Rain| മഴക്കെടുതി; കണ്ണൂരില്‍ ഒരുമരണം, നൂൽപ്പുഴയില്‍ ഒരാള്‍ ഒഴുകി പോയി, രണ്ട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍

By Web TeamFirst Published Oct 20, 2021, 10:43 PM IST
Highlights

അതിരപ്പിള്ളി വെറ്റിലപ്പാറ ഭാഗത്ത് കനത്ത മഴയാണ് പെയ്യുന്നത്. ചാർപ്പ വെള്ളച്ചാട്ടത്തിൻ്റെ ശക്തി കൂടി. പറമ്പിക്കുളം ഡാമിൽ നിന്നുള്ള നീരൊഴുക്ക് കൂട്ടി. 6000 ക്യു മെക്സ് വെളളമാണ് പുറത്തേക്കൊഴുക്കുന്നത്. 

കണ്ണൂര്‍: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരുമരണം കൂടി. കണ്ണൂര്‍ ഇരുട്ടിയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. വയനാട് നൂൽപ്പുഴയില്‍ പാമ്പുങ്കനിയിൽ താമസിക്കുന്ന വിനോദ് എന്നയാൾ തോട്ടിൽ വീണ് ഒഴുകിപോയി. നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മഴ കനത്തതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി ഉരുള്‍പൊട്ടലും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

മലപ്പുറം താഴെക്കോട് മാട്ടറക്കലിൽ മലങ്കട മലയിലും, ബിടാവുമലയിലും ചെറിയ രീതിയിൽ ഉരുൾപൊട്ടി. ആളപായമുണ്ടായില്ല. അപകട ഭീഷണിയെ തുടർന്ന് സമീപത്തെ 60 ഓളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. വഴിക്കടവ് രണ്ടാം പാടത്ത് തോട് കരകവിഞ്ഞൊഴുകി 10 വീടുകളിലേക്ക്  വെള്ളം കയറി. പ്രദേശത്തെ മുപ്പതോളം വീട്ടുകാരെ സമീപത്തുള്ള വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. അപകട ഭീഷണിയെ തുടർന്ന് - വഴിക്കടവ്- നാടുകാണി റോഡിൽ രാത്രിയാത്രയ്ക്ക് നിരോധനമേർപ്പെടുത്തി. പാലക്കാടും രണ്ടിടത്ത് ഒരുള്‍പൊട്ടി.  

അതിരപ്പിള്ളി വെറ്റിലപ്പാറ ഭാഗത്ത് കനത്ത മഴയാണ് പെയ്യുന്നത്. ചാർപ്പ വെള്ളച്ചാട്ടത്തിൻ്റെ ശക്തി കൂടി. പറമ്പിക്കുളം ഡാമിൽ നിന്നുള്ള നീരൊഴുക്ക് കൂട്ടി. 6000 ക്യു മെക്സ് വെളളമാണ് പുറത്തേക്കൊഴുക്കുന്നത്. ചാലക്കുടിയിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ചിമ്മിനിയിലും കനത്ത മഴയാണ്. എച്ചിപ്പാറ തോട് കര കവിഞ്ഞു. പാലപ്പിള്ളി - ചിമ്മിനി റോഡിൽ വെള്ളം കയറി. നിലവിൽ തൃശ്ശൂര്‍ ജില്ലയിലെ ക്യാമ്പുകളിൽ താമസിക്കുന്നവർ അവിടം വിട്ട് പോകരുതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ അഭ്യർത്ഥിച്ചു. മഴ ഒരു ദിവസം മാറി നിന്ന സാഹചര്യത്തിൽ ചില ക്യാമ്പുകളിൽ നിന്ന് താമസക്കാർ തിരികെ വീടുകളിലേക്ക് പോകാനുള്ള പ്രവണതയെ തുടർന്നാണ് കലക്ടറുടെ അഭ്യർത്ഥന.

കോട്ടയത്തും കിഴക്കൻ മേഖലകളിലും കനത്ത മഴ കുറഞ്ഞു. എന്നാൽ കൂട്ടിക്കൽ തീക്കോയി മേഖലകളിൽ ഇടവിട്ട് ചാറ്റൽ മഴ പെയ്യുന്നുണ്ട്. കൊക്കയാർ പഞ്ചായത്തിലെ വടക്കേമല, ഉറുമ്പിക്കര മേഖകളിൽ ശക്തമായ മഴ പെയ്തത് ആശങ്ക ഉയർത്തിയിരുന്നു. ഇവിടെയും മഴ ശമിച്ചു. നേരത്തെ കനത്ത മഴ ഉണ്ടായ കാഞ്ഞിരപ്പള്ളി മുണ്ടക്കയം മേഖലകളിലും മഴ കുറഞ്ഞു. തീക്കോയിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുണ്ട്. കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. കൂട്ടിക്കലിലെ ക്യാമ്പുകളിൽ മന്ത്രിമാരായ വി എൻ വാസവൻ രാത്രി സന്ദർശനം നടത്തി. മഴ, മണ്ണിടിച്ചിൽ  മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ജാഗ്രത തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

click me!