
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സഭയിൽ ശ്രദ്ധേയമായ ഏറെ പ്രത്യേകതകളാണ് ഉള്ളത്. പ്രോടെം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത്. അക്ഷരമാലാ ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ.
സഭയിൽ ആകെ 53 പുതുമുഖങ്ങളാണുള്ളത്. ആകെ അംഗങ്ങളുടെ 37 ശതമാനവും പുതുമുഖങ്ങളാണ്. ഇത്തവണ ജയിച്ച 11 വനിതകളിൽ ഏഴുപേരും പുതുമുഖങ്ങളാണ്. ആകെ 969 ആളുകളാണ് ഇതുവരെ നിയമസഭാംഗങ്ങളായത്. നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത് ആംഗ്ലോ ഇന്ത്യൻ അംഗങ്ങളടങ്ങുന്ന കണക്കാണിത്. ആംഗ്ലോ ഇന്ത്യൻ നോമിനേഷൻ കഴിഞ്ഞ വർഷം നിർത്തലാക്കിയിരന്നു.
ഇത്തവണ നിയമസഭയിൽ 12 അംഗങ്ങൾ 40 വയസിനു താഴെയുള്ളവരാണ്. 30 അംഗങ്ങളാണ് 40 നും 50 നും ഇടയിൽ പ്രായമുള്ളവർ. 48 അംഗങ്ങൾ 50 നും 60 നും ഇടയിൽ പ്രായമുള്ളവരാണ്. 28 അംഗങ്ങൾ 60-നും 70-നും ഇടയിൽ പ്രായമുള്ളവരാണ്. 70 വയസു കഴിഞ്ഞ 22 അംഗങ്ങളും സഭയിലുണ്ട്.
നിയമസഭയിൽ ആകെ അവസരം ലഭിച്ച വനിതകൾ ഇതുവരെ 51 പേരാണ്. അതായത് 5.26 ശതമാനമാണിത്. 17 പുതുമുഖങ്ങൾ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, കേരളത്തിലിതുവരെ ആകെ 226 പേർക്കാണ് മന്ത്രി സ്ഥാനം ലഭിച്ചത്. മുഖ്യമന്ത്രമാരായ 12 പേരും, മൂന്ന് ഉപമുഖ്യമന്ത്രിമാരുമടങ്ങുന്നതാണ് ഈ കണക്ക്.
ഒരിക്കലെങ്കിലും മന്ത്രിയായ നിയമസഭാംഗങ്ങൾ 23.32 ശതമാനമാണ്. ഇതിൽ 11 വനിതകളും ഉൾപ്പെടുന്നുണ്ട്. 21.57 ശതമാനമാണ് ഒരിക്കലെങ്കിലും മന്ത്രിയായ വനിതാ നിയമസഭാംഗങ്ങൾ. 16 പൊതു തെരഞ്ഞെടുപ്പുകളും 64 ഉപതെരഞ്ഞടുപ്പുകളുമായി 2255 മത്സരങ്ങളാണ് സംസ്ഥാന നിയമസഭയിലേക്ക് ഇതുവരെ നടന്നത്. നിയസഭ ചേരാത്ത 1965-ലേതും, 1957-ലെ മഞ്ചേശ്വരത്തെ എതിരില്ലാത്ത തെരഞ്ഞെടുപ്പു അടക്കമുള്ളതാണ് ഈ കണക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam