അസമിൽ കുടുങ്ങിയ കേരള ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

By Web TeamFirst Published Jun 15, 2021, 8:35 PM IST
Highlights

കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് അസമിലെ ന​ഗോറയിൽ കുടുങ്ങി പോയ ടൂറിസ്റ്റ് ബസിനുള്ളിൽ ആത്മഹത്യ ചെയ്തത്. 

കൊച്ചി: ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികളുമായി അസമിലേക്ക് പോയി തിരിച്ചു വരാനാവാതെ അവിടെ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് അസമിലെ ന​ഗോറയിൽ കുടുങ്ങി പോയ ടൂറിസ്റ്റ് ബസിനുള്ളിൽ ആത്മഹത്യ ചെയ്തത്. 

റംസാനും നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപായി അന്യസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് നിരവധി ടൂറിസ്റ്റ് ബസുകൾ പോയിരുന്നു. ഇങ്ങനെയൊരു ബസിലെ തൊഴിലാളിയാണ് അഭിജിത്ത്. നാട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ രണ്ടാം തരം​ഗവും ലോക്ക്ഡൗണും കാരണം ഇവിടേക്ക്  തിരിച്ചു വരാൻ മടി കാണിച്ചതോടെ തൊഴിലാളികളുമായി അവിടേക്ക് പോയ ടൂറിസ്റ്റ് ബസുകളും അതിലെ ജീവനക്കാരും അവിടെ കുടുങ്ങുകയായിരുന്നു. 

യാതൊരു അടിസ്ഥാന സൗകര്യവും മറ്റു സഹായങ്ങളും ലഭിക്കാതെ അസമിൽ കുടുങ്ങിയ ഈ തൊഴിലാളികൾ വലിയ ദുരിതമാണ് ഇത്രയും കാലം നേരിട്ടത്. ആഴ്ചകൾക്ക് മുൻപ് ഇങ്ങനെ അവിടെ കുടുങ്ങിയ ബസുകളിലൊന്നിലെ ജീവനക്കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഈ മരണത്തിൻ്റെ ആഘാതം മാറും മുൻപാണ് ബസ് ജീവനക്കാരൻ്റെ ആത്മഹത്യ. അസമിൽ നിന്നും കേരളത്തിലേക്ക് തിരിച്ചു വരാൻ ഒരു ബസിന് മാത്രം 70,000 രൂപയോളം ചിലവഴിക്കേണ്ടി വരും എന്നാണ് കണക്ക്. ഇവരെ അസമിലേക്ക് വിട്ട ഏജൻ്റുമാരും ബസ് ഉടമകളും ഇവരെ തിരികെ കൊണ്ടു വരാൻ കാര്യമായ ഇടപെടൽ ഒന്നും നടത്തിയിട്ടില്ല. 

click me!