ടിപിയുടെ ഓ‍ർമ്മകളിരമ്പി ഒഞ്ചിയം, പോരാട്ടത്തിന്‍റെ പതിറ്റാണ്ട്; മാസ്റ്റർബ്രെയിന്‍ കോടതിയിലെത്തും വരെ തുടരും: രമ

Published : May 04, 2022, 10:18 PM ISTUpdated : May 04, 2022, 10:54 PM IST
ടിപിയുടെ ഓ‍ർമ്മകളിരമ്പി ഒഞ്ചിയം, പോരാട്ടത്തിന്‍റെ പതിറ്റാണ്ട്; മാസ്റ്റർബ്രെയിന്‍ കോടതിയിലെത്തും വരെ തുടരും: രമ

Synopsis

ഇടതിന്‍റെ ഉരുക്കുകോട്ടയില്‍ ആർഎംപിക്ക് ആയുസ് അധികമില്ലെന്ന് പ്രവ‍ചിച്ചവർക്ക് മുന്നില്‍ ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളും വടകര നിയമസഭാ മണ്ഡലത്തിലും ആർഎംപി ഭരണം തുടരുന്നു. എല്ലാറ്റിന്‍റെയും അമരത്തുള്ള ടി പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ. രമ എംഎല്‍എ സംസാരിക്കുന്നു

കോഴിക്കോട്: രാഷ്ട്രീയ കൊലപാതകമെന്ന വാക്ക് കേൾക്കുന്ന ഏതൊരു മലയാളിയുടെ മനസില്‍ ആദ്യമെത്തുന്ന മുഖം ടിപിയുടെതാണ്. 51 വെട്ടേറ്റ സഖാവ് ടിപി ചന്ദ്രശേഖരന്‍റെ മുഖം. കേരളം ഏറ്റവും കൂടുതല്‍ ചർച്ച ചെയ്ത രാഷ്ട്രീയ കൊലപാതകം നടന്ന് ഒരു പതിറ്റാണ്ടിനിപ്പുറം ഒഞ്ചിയം ടിപിയുടെ ഓർമകളില്‍ വീണ്ടും ചുവക്കുന്നു. ഇടതിന്‍റെ ഉരുക്കുകോട്ടയില്‍ ആർഎംപിക്ക് ആയുസ് അധികമില്ലെന്ന് പ്രവ‍ചിച്ചവർക്ക് മുന്നില്‍ ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളും വടകര നിയമസഭാ മണ്ഡലത്തിലും ആർഎംപി ഭരണം തുടരുന്നു. എല്ലാറ്റിന്‍റെയും അമരത്തുള്ള ടി പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ എംഎല്‍എ സംസാരിക്കുന്നു. 

ടിപിയുടെ ഓർമകൾക്ക് ഒരു പതിറ്റാണ്ട് തികയുമ്പോൾ എന്താണ് പറയാനുള്ളത് ? 

രമ - പത്ത് വർഷം പൂർത്തിയാകുന്നു. കുറച്ചുകൂടി വിപുലമായ പരിപാടികളാണ് ഇത്തവണ നടത്തിയത്. മെയ് ഒന്നാം തീയതി മുതല്‍ ആരംഭിച്ച പരിപാടികളിലെല്ലാം എന്നത്തേക്കാളും ജനപങ്കാളിത്തമുണ്ട്. വള്ളിക്കാടുനിന്നും ദീപശിഖ ആയിരക്കണക്കിന് ആളുകളുടെ അകമ്പടിയോടെയാണ് കൊണ്ടുവന്നത്. ആർഎംപി അവസാനിച്ചു എന്ന് പറഞ്ഞവരുടെ മുന്നില്‍കൂടിയാണ് ഞങ്ങൾ വന്നത്. ടിപിയെ അവർക്ക് കൊല്ലാന്‍മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ജീവിച്ചിരുന്ന ടിപിയേക്കാൾ മരിച്ച ശക്തനായ ടിപി എല്ലാവർക്കും മുന്‍പിലുണ്ട്. 

ചോദ്യം - എംഎല്‍എയായതിന് ശേഷമുള്ള രണ്ടാമത്തെ രക്തസാക്ഷി ദിനാചരണമാണ്. ആദ്യം കൊവിഡ് കാരണം ചടങ്ങുകൾ കാര്യമായി ഉണ്ടായിരുന്നില്ലല്ലോ?

രമ - ടി.പി നിയമസഭയിലുമെത്തി എന്നതാണ് മാറ്റം. അദ്ദേഹത്തെ കൊല്ലാന്‍ ആസൂത്രണം നടത്തിയവരുടെ മുന്നില്‍ സഭയില്‍ എത്താന്‍ സാധിച്ചു എന്നത് വലിയ പിന്തുണയുടെ ഭാഗമായാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ടിപിയുടെ ശബ്ദം ഇനിയും പതിറ്റാണ്ടുകളോളം കേരളത്തില്‍ ഉയരും. 

ആർഎംപിയും പൊലീസും ഒരുപാട് കഷ്ടപ്പെട്ട് സംരക്ഷിക്കുന്ന വള്ളിക്കാട്ടെ ടിപിയുടെ രക്തസാക്ഷി സ്തൂപത്തിന് സമീപം എന്താണ് ഒരുങ്ങുന്നത് ? 

രമ - ചന്ദ്രശേഖരന്‍റെ ചോരവീണ മണ്ണ് നഷ്ടപ്പെടരുത് എന്ന് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതാണ് റോഡരികിലെ ആ സ്ഥലം വിലകൊടുത്തു വാങ്ങിയത്. അവിടെ ടിപി ഉപയോഗിച്ച വസ്തുക്കളും വാഹനവുമടക്കം സൂക്ഷിക്കാന്‍ ഒരു ചെറിയ മ്യൂസിയവും, ആർഎംപി ഓഫീസും വൈകാതെ ഒരുങ്ങും. ഇന്ത്യയില്‍ ആദ്യമായിട്ടാകും ഒരു സ്തൂപം പോലീസ് കാവലില്‍ വർഷങ്ങളായി സംരക്ഷിക്കേണ്ടി വരുന്നത്. നിരവധി തവണ ബോംബെറിഞ്ഞും മറ്റും ആസ്തൂപം ആക്രമിക്കപ്പെട്ടത് ടിപിയുടെ ചെറിയ ഓർമകളെ പോലും പലരും ഭയക്കുന്നു എന്നതിന് തെളിവാണ്. അവിടെയാണ് ഞങ്ങൾ ഓഫീസും ഓർമപ്പുരയും ഒരുക്കുന്നത്. ചന്ദ്രശേഖരന്‍ ഒരു ചരിത്രമാണ്. ഇനിവരുന്ന രാഷ്ട്രീയ വിദ്യാർത്ഥികൾക്കുള്ള പാഠമാണ്. 

കേസിലെ തുടർ നടപടികൾ എവിടെയെത്തി നില്‍ക്കുന്നു ?

രമ - സിബിഐ അന്വേഷണമാവശ്യപ്പെട്ട് നല്‍കിയ ഹർജിയും, അപ്പീല്‍ ഹർജിയും കോടതിയുടെ പരിഗണനയിലാണ്. ഞാന്‍ നിയമസഭാംഗമായതിന് ശേഷം കേരളത്തിന് പുറത്തുള്ള അഭിഭാഷകനെകൊണ്ട് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സർക്കാറത് നിരസിക്കുകയാണുണ്ടായത്. മറ്റൊരാളുടെ പേര് നിർദേശിക്കാനാവശ്യപ്പെട്ടു. ഞങ്ങൾ നിർദേശിച്ച പേര് ഇപ്പോൾ പരിഗണിച്ചിട്ടുണ്ട്. സർക്കാർ കേസില്‍ ഇനിയെന്ത് നടപടിയെടുക്കുമെന്നറിയില്ല. പക്ഷേ എല്ലാ പ്രതീക്ഷയും കോടതിയിലാണ്. ശക്തമായി കേസ് മുന്നോട്ട് കൊണ്ടുപോകും. ടിപി വധ കേസില്‍ അന്വേഷണം ഇനിയും ഗൂഡാലോചനയിലേക്കെത്തിയിട്ടില്ല. അവസാനത്തെ കണ്ണി അഥവാ മാസ്റ്റർ ബ്രെയിന്‍ നിയമത്തിന് മുന്നില്‍ വരണം, ശിക്ഷിക്കപ്പടണം. സിബിഐ അന്വേഷണം അവിടെയെത്തുമെന്നുള്ള പ്രതീക്ഷയില്‍ തന്നെയാണ് ഞാന്‍. 

മറ്റ് ക്രിമിനല്‍ ഗൂഢാലോചന കേസുകളില്‍ സർക്കാറും പൊലീസും നല്ല താല്‍പര്യം കാണിക്കുന്നത് കാണുന്നില്ലേ ? 

രമ - സർക്കാറിന്‍റെ ഭാഗത്തുനിന്നും ഒരു പ്രതീക്ഷയും ഞങ്ങൾക്കില്ല. ടിപിയുടെ കൊലപാതകം ആസൂത്രണം ചെയ്തവർ ഭരണ തലപ്പത്തിരിക്കുമ്പോൾ എവിടെയാണ് കേസന്വേഷണം മര്യാദയ്ക്ക് നടക്കുക. പ്രതീക്ഷ കോടതിയിലാണ്. വസ്തുതകൾ മനസിലാക്കി സത്യത്തിനൊപ്പം കോടതിയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. ഞങ്ങൾ ശക്തമായിതന്നെ മുന്നോട്ട് പോകും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തുറന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് വിജയ്, തമിഴക വെട്രി കഴകത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി, സഖ്യത്തിന് കക്ഷികളെ ക്ഷണിച്ച് പ്രമേയം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ 2 ബലാത്സം​​ഗ കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും