ഇനി അഡ്വ. സെന്‍കുമാര്‍; ജീവിതത്തില്‍ പുതിയ വേഷം പയറ്റാന്‍ മുന്‍ പൊലീസ് മേധാവി

By Web TeamFirst Published Aug 18, 2019, 2:13 PM IST
Highlights

ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ വക്കീല്‍ കുപ്പായം ഇടാതെ ഹൈക്കോടതിയിൽ കേസ് വാദിച്ച അനുവഭവും സെൻകുമാറിനുണ്ട്. പൊതു പരിപാടികളും വക്കീൽ പണിയും ഒരുമിച്ചു കൊണ്ടു പോകാനുള്ള തീരുമാനത്തിലാണ് സെൻകുമാർ.

കൊച്ചി: സർക്കാരിനെതിരെ കേസ് ജയിച്ച് പൊലീസ് മേധാവിയായി തിരികെ എത്തിയ ടി പി സെന്‍കുമാർ അഭിഭാഷക വൃത്തിയിലേക്ക്. ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ സെൻകുമാർ അഭിഭാഷകനായി എന്‍‍റോൾ ചെയ്തു. ബാർ കൗൺസിൽ ചെയർമാൻ ചൊല്ലിക്കൊടുത്ത സത്യവാചകം എറ്റു ചൊല്ലിയാണ് സെൻകുമാർ വക്കീലായി. ജസ്റ്റീസ് പി ഉബൈദ് സർട്ടിഫിക്കറ്റും സമ്മാനിച്ചു.

പുതിയ 270 അഭിഭാഷകർക്കൊപ്പമാണ് സെൻകുമാറും എൻറോൾ ചെയ്തത്. 94 ൽ തന്നെ തിരുവന്തപുരം ലോ കോളജിൽ നിന്നും സെൻകുമാർ നിയമ പഠനം പൂർത്തിയാക്കിയിരുന്നു. ഗവ‌ര്‍ണറുടെ എഡിസിയായി ജോലി നോക്കുന്നതിനിടെയായിരുന്നു ഇത്. എന്നാൽ അഭിഭാഷകനായി എൻറോൾ ചെയ്തിരുന്നില്ല.  സര്‍ക്കാരിനെതിരെ സുപ്രീംകോടതി വരെ കേസ് നടത്തി വിജയിച്ച് ചരിത്രമുള്ള സെന്‍കുമാറിന് നിയമ പോരാട്ടം പുതിയ അനുഭവമല്ല. ഐപിഎസ് കാലം കഴിഞ്ഞും ജീവിക്കാനായി നേരത്തെ കണ്ടു വച്ച ജോലിയാണിത്. എന്നാൽ സ്വന്തം കേസുകൾ കോടതിയിൽ വാദിക്കുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നാണ് സെന്‍കുമാര്‍ പറയുന്നത്.

ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ വക്കീല്‍ കുപ്പായം ഇടാതെ ഹൈക്കോടതിയിൽ കേസ് വാദിച്ച അനുവഭവും സെൻകുമാറിനുണ്ട്. പൊതു പരിപാടികളും വക്കീൽ പണിയും ഒരുമിച്ചു കൊണ്ടു പോകാനുള്ള തീരുമാനത്തിലാണ് സെൻകുമാർ.

click me!