
പത്തനംതിട്ട: പൊതുമേഖല സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനി കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ ഏഴ് മാസമായി കേരള സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കമ്പനിയിൽ ഉത്പാദനം നടക്കുന്നില്ല. പ്രവർത്തന മൂലധനം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മനേജ്മെന്റിന്റെ വിശദീകരണം. ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതോടെ സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികൾ.
കേബിൾ നിർമ്മാണത്തിൽ സ്വകാര്യ കമ്പനികളേക്കാൾ പേര് കേട്ട സ്ഥാപനമാണ് ട്രാക്കോ കേബിൾസ്. എറണാകുളം ജില്ലയിലെ ഇരുമ്പനത്തും പത്തനംതിട്ടയിലെ തിരുല്ലയിലും കണ്ണൂരിലെ പിണറായിലുമായി മൂന്ന് യൂണിറ്റുകളാണ് കമ്പനിക്കുള്ളത്. പ്രതിവർഷം കോടി കണക്കിന് രൂപയുടെ വിറ്റു വരവുണ്ടായിരുന്ന സ്ഥാപനമാണിത്. നിലവിൽ പിണറായിയിലെ യൂണിറ്റ് ഒഴിച്ച് ബാക്കി രണ്ടിടത്തും കമ്പനിയുടെ പ്രവർത്തനം നിലച്ചു.
ഉദ്പ്പാദനം ഇല്ലെങ്കിലും ദിവസേന ജീവനക്കാർ ജോലിക്ക് എത്തുന്നുണ്ട്. രാവിലെയെത്തി യൂണിഫോം ഇട്ട് വൈകീട്ട് യൂണിഫോം അഴിച്ച് വെച്ച് മടങ്ങുന്നതല്ലാതെ കമ്പനിയിൽ ഒന്നും നടക്കുന്നില്ല . കെഎസ്ഇബിക്ക് വേണ്ട ഉന്നത നിലവാരമുള്ള എസി, എസ്ആർ, എൽടി, യുജി കേബിളുകൾ വാങ്ങിയിരുന്നത് ട്രാക്കോ കേബിൾസിൽ നിന്നാണ്. മൂലധനം ഇല്ലാതെ വന്നതോടെ കെഎസ്ഇബിക്ക് വേണ്ട കേബിൾ പൂർണമായും ഉത്പാദിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. ഇതോടെ കെഎസ്ഇബി കരാർ റദ്ദാക്കി പുറത്ത് നിന്ന് കേബിൾ വാങ്ങാൻ തുടങ്ങി.
അഞ്ഞൂറുലധികം തൊഴിലാളികളാണ് കമ്പനിയിലുള്ളത്. പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി തൊഴിലാളി യൂണിയനുകൾ മാനേജ്മെന്റിനെ സമീപിച്ചെങ്കിലും ചർച്ച പോലും നടന്നിട്ടില്ല. ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന, സംസ്ഥാനത്തെ ഒരു പൊതു മേഖല സ്ഥാപനത്തിന്റെ നിലവിലെ അവസ്ഥയാണിത്. അടച്ചുപൂട്ടലിന്റെ വക്കിലാണ് കമ്പനി. ഇനി ഈ സ്ഥാപനത്തെ രക്ഷിക്കണമെങ്കിൽ വ്യവസായ വകുപ്പും വൈദ്യുത വകുപ്പും കൈകോർക്കേണ്ടതുണ്ട്. കെഎസ്ഇബിയുടെ ഓർഡറുകൾ ട്രോക്കോ കേബിൾസിന് നൽകിയാൽ ഒരു പരിധി വരെ പരിഹാരം ഉണ്ടാക്കാമെന്നാണ് തൊഴിലാളികളുടെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam