
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് തിരിവനന്തപുരം ആസ്ഥാനത്തേക്ക് സംയുക്ത ട്രേഡ് യൂണിയൻ മാർച്ച് . ദേശീയ പണിമുടക്കിനെക്കുറിച്ചുള്ള ന്യൂസ് അവർ ചർച്ചയിൽ എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെയുണ്ടായ പരാമർശത്തിൽ പ്രതിഷേധിച്ചാണ് മാർച്ച്. തൊഴിലാളി സംഘടനകളുടെ മാർച്ച് പൊലീസ് ഫയർസ്റ്റേഷൻ ആസ്ഥാനത്തിന് മുന്നിൽ വച്ച് തടഞ്ഞു. തിരുവനന്തപുരത്തിന് പുറമേ കൊച്ചിയിലേയും കോഴിക്കോട്ടേയും ഏഷ്യാനെറ്റ് ന്യൂസ് മേഖല ഓഫീസുകളിലേക്കും തൊഴിലാളി സംഘടനകൾ മാർച്ച് നടത്തി.
28-ാം തീയതി വൈകിട്ട് നടന്ന ന്യൂസ് അവർ ചർച്ചയാണ് തൊഴിലാളി സംഘടനകളുടെ മാർച്ചിന് ആധാരം. പണിമുടക്കിന്‍റെ ആദ്യ ദിവസം നടന്ന ആക്രമണ സംഭവങ്ങളെ അപലപിക്കുകയായിരുന്നു ന്യൂസ് അവർ. അക്രമണ സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി നിസാരവൽക്കരിക്കുന്ന എളമരം കരീമിന്‍റെ പ്രസംഗം ന്യൂസ് അവറിൽ സംപ്രേഷണം ചെയ്തിരുന്നു. ചെറിയ പ്രശ്നങ്ങളെ മാധ്യമങ്ങൾ പെരുപ്പിച്ചു കാണിക്കുന്നുവെന്ന തരത്തിലായിരുന്നു എളമരത്തിന്‍റെ പ്രസംഗം.
' ഇത് പെട്ടന്നുണ്ടാക്കിയ മിന്നൽ പണിമുടക്കല്ല, അങ്ങനെയായിരുന്നുവെങ്കിൽ ഒരു വിവരവുമറിയാതെ വീട്ടിൽ നിന്ന് ഇറങ്ങി, വെള്ളം കിട്ടിയില്ല, ചായ കിട്ടിയില്ല എന്നൊക്കെ പറഞ്ഞാൽ മനസിലാക്കാം...രണ്ട് മാസം മുമ്പ് പ്രഖ്യപിച്ചതാണ്. എത്ര മാധ്യമങ്ങൾ വന്നു ഈ സമരത്തിന്‍റെ സന്ദേശം ജനങ്ങളെ അറിയിക്കാൻ. ഇപ്പോ പോകുന്നു ഏതെങ്കിലും ഒരു ഓട്ടോറിക്ഷ തടഞ്ഞു അപ്പുറത്തൊരാളെ മാന്തി, ഇപ്പുറത്തൊരാളെ പിച്ചി എന്നൊക്കെ, പരാതികളാണ് ' ഇതായിരുന്നു എളമരത്തിന്റെ പ്രസ്താവന.
ഇത് ജനവിരുദ്ധ പ്രസ്താവനയെന്ന് വിമർശനമാണ് അവതാരകൻ ഉന്നയിച്ചത്. ഈ ചർച്ചയുടെ ഒരു ഭാഗം അടർത്തിയെടുത്ത് ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാപകമായ സൈബർ പ്രചരണം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തേക്ക് പ്രതിഷേധം നടത്താൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചത്. .
അന്നത്തെ ന്യൂസ് അവർ ചർച്ച മുഴുവനായി ഇവിടെ കാണാം..
മാധ്യമസ്ഥാപനത്തിന് മുന്നിലെ സമരം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കി. അസഹിഷ്ണുതയാണ് ഇതിന് പിന്നിലെന്നും വിമർശനമുണ്ടായാൽ മാധ്യമസ്ഥാപനങ്ങളുടെ മുന്നിലേക്ക് പ്രതിഷേധം നയിക്കുകയല്ല വേണ്ടതെന്നും സതീശൻ പറഞ്ഞു. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ല, മറിച്ച് ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് എന്തായാലും നിലപാട് ഐഎൻടിയുസിയെ അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam