'എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം'; കോഴിക്കോട് പ്രതിഷേധവുമായി വ്യാപാരികള്‍, സംഘര്‍ഷം, അറസ്റ്റ്

By Web TeamFirst Published Jul 12, 2021, 10:27 AM IST
Highlights

പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. അറസ്റ്റ് ചെയ്താലും കടകള്‍ തുറക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. 

കോഴിക്കോട്: കൊവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമായി കടകള്‍ തുറക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് എതിരെ കോഴിക്കോട് വ്യാപാരികളുടെ വന്‍ പ്രതിഷേധം. മിഠായി തെരുവില്‍ കടകള്‍ തുറക്കാനെത്തിയ വ്യാപാരികളും പൊലിസും തമ്മില്‍ ഉന്തും തളളുമുണ്ടായി. രാവിലെ 10 മണിയോടെയായിരുന്നു വ്യാപാര വ്യവസായ ഏകോപന സമിതി പ്രവർത്തകർ പ്രതിഷേധവുമായി മിഠായി തെരുവിലേക്കെത്തിയത്. 

കടകൾ  തുറക്കാൻ അനുമതി നൽകിയില്ലെങ്കിൽ നിയന്ത്രണം ലംഘിച്ച് കടകൾ തുറക്കാനായിരുന്നു തീരുമാനം. നിയന്ത്രണം കർശനമായി പാലിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും മിഠായി തെരുവിൽ തമ്പടിച്ചു. എന്നാൽ പൊലീസിനെ വകവെക്കാതെ പ്രകോപനവുമായി വ്യാപാരികൾ മിഠായി തെരുവിലേക്ക് നീങ്ങി. പിന്നെ പൊലീസും വ്യാപാരികളും തമ്മിൽ ഉന്തും തള്ളുമായി.

വ്യാപാരികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ ആദ്യ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാൽ കടകൾ തുറക്കാനുള്ള ശ്രമം വ്യാപാരികൾ അവസാനിപ്പിച്ചില്ല. ചെറുസംഘങ്ങളായി തിരിഞ്ഞ് വീണ്ടും പ്രതിഷേധിച്ചു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിന് ഒടുവില്‍ പൊലീസ് അടുത്ത സംഘത്തെയും അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധിച്ചവർക്കെതിരെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനെതിരെ കേസെടുത്തു.

വ്യപാരി വ്യവസായി ഏകോപന സമിതി നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടങ്ങിയതായും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വ്യാപാരികളുടെ പ്രശ്നം കേൾക്കാൻ തയ്യാറാണെന്നും സർക്കാർ ഉത്തരവുകൾ മാത്രമേ നടപ്പാക്കു എന്നും ജില്ലാ കളക്ടർ എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.  വ്യാപാരികളുടെ പ്രതിഷേധം മുന്നിൽ കണ്ട് പൊലീസ് മിഠായി തെരുവിലേക്കുള്ള വഴി ബാരിക്കേഡ് വച്ച് അടച്ചു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!